മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: കേസ് അട്ടിമറിക്കാൻ നീക്കം ശക്തം
text_fieldsപത്തനംതിട്ട: ഹൈകോടതി ഇടപെടല്‍ ഉണ്ടായിട്ടും മൈലപ്ര സര്‍വിസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതി സംബന്ധിച്ച കേസ് അട്ടിമറിയുടെ വക്കിൽ.ശക്തമായ രാഷ്ട്രീയ സമ്മര്‍ദം അന്വേഷണ സംഘത്തിന് മേലുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് തട്ടിപ്പ് പുറത്തുകൊണ്ടു വന്ന മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നിന് അന്വേഷണ സംഘത്തിന്റെ മുന്നില്‍ മുന്‍ സെക്രട്ടറി ഹാജരാകാന്‍ ഉത്തരവിട്ടത് ഹൈകോടതിയാണ്.
എന്നാല്‍, ഭരണ കക്ഷിയിലെ പ്രബലര്‍ ഇടപെട്ട് ഇയാളെ ഹാജരാക്കാതിരിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താനാണ് ഹൈകോടതി ഉത്തരവ്. ഇങ്ങനെ സംഭവിച്ചാല്‍ ബാങ്കിലേക്ക് മുന്‍സെക്രട്ടറിയെ തെളിവെടുപ്പിന് കൊണ്ടുവരും. അതോടെ പല രാഷ്ട്രീയ നേതാക്കളുടെയും ബിനാമി നിക്ഷേപങ്ങളും ലോണുകളും അടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും.
കോണ്‍ഗ്രസുകാരനായിരുന്ന ജോഷ്വാ മാത്യുവിനെ സംരക്ഷിക്കാന്‍ സി.പി.എം ശ്രമിക്കുന്നതായും ആരോപണമുണ്ട്.സി.പി.എമ്മിന്റെ ജില്ല നേതാക്കള്‍ക്ക് വരെ ഇവിടെ ബിനാമി നിക്ഷേപം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതൊക്കെ ശരിയെന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ജോഷ്വാ മാത്യുവിനെ ഒരു കാരണവശാലും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ കിട്ടരുതെന്ന് ചിലര്‍ ലക്ഷ്യമിടുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതും രാഷ്ട്രീയ സമ്മര്‍ദം ഉള്ളതിനാലാണ്.
ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷമാണ് അന്വേഷണം ശരിയായ ദിശയിലേക്ക് വന്നത്. തെളിവുകള്‍ കണ്ടെത്തി ക്രമക്കേടിന്റെ വിശദവിവരങ്ങളെല്ലാം അവര്‍ മനസ്സിലാക്കി. അന്വേഷണം ചെന്ന് നില്ക്കാന് പോകുന്നത് ഉന്നത നേതാക്കളിലേക്കാണെന്ന് വന്നപ്പോഴാണ് അട്ടിമറിക്കുള്ള നീക്കം തുടങ്ങിയത്. ക്രൈംബ്രാഞ്ചിന് മേലും സമ്മര്‍ദം ഉണ്ടെന്ന് സംശയിക്കുന്നുണ്ട്.ഇനിയും കേസ് അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ബാങ്കിന് മുന്നില്‍ നിരാഹാര സത്യഗ്രഹം അടക്കം നടത്തുമെന്ന് ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.