പ്ലസ് വൺ വിദ്യാർഥി ചാലിയാറിൽ മുങ്ങിമരിച്ചതിൽ ദുരൂഹത; കരാട്ടെ അധ്യാപകനെതിരെ കുടുംബം
text_fieldsമലപ്പുറം: വാഴക്കാട് ചാലിയാർ പുഴയിൽ 17 കാരിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. എടവണ്ണപ്പാറ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയെ മുട്ടിങ്ങൽ കടവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിന് കാരണം കാരാട്ടെ പരിശീലകന്റെ നിരന്തര പീഡനത്തെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചു.
ഈ അധ്യാപകനെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതെന്നും കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തളർന്നതിനാൽ സ്‌കൂൾ പഠനം നിർത്തിയിരുന്നു.
ഈ അധ്യാപകൻ നേരത്തെ ഒരു പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞയാളാണെന്ന് പെൺകുട്ടികളുടെ കുടുംബം പറയുന്നു. തനിക്ക് നേരിട്ട പീഡനങ്ങളെ കുറിച്ച് ശിശുക്ഷേമ ഓഫീസിലേക്ക് പെൺകുട്ടി പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിന് കൈമാറിയതിനെ തുടർന്ന് പൊലീസ് മൊഴിയെടുക്കാൻ എത്തിയിരുന്നു.
എന്നാൽ, സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ലെന്നും കുടുംബം പറയുന്നു. കേസുമായി മുന്നോട്ടുപോകവെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതാവുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.