ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവും വിദ്യാർഥിനിയും മരിച്ചതിൽ ദുരൂഹത
text_fieldsചേർത്തല: ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവും വിദ്യാർഥിനിയും മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (23), 12ാം വാർഡിൽ വാടകക്ക് താമസിക്കുന്ന പാലാ സ്വദേശിയും പൂച്ചാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടത്. അനന്തകൃഷ്ണൻ തൂങ്ങിയ നിലയിലും പെൺകുട്ടി താഴെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് അനന്തകൃഷ്ണനെ കാണാതാകുന്നത്. എലിസബത്തിനെ കാണാതാകുന്നത് ഞായറാഴ്ച മുതലാണ്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ചുള്ള തിരച്ചിലിൽ ചെങ്ങണ്ട പെട്രോൾ പമ്പിനു വടക്ക് ആളൊഴിഞ്ഞ പുരയിടത്തിലെ പഴയ കൊപ്ര ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന അനന്തകൃഷ്ണന് ഞായറാഴ്ച രാത്രി എട്ടോടെ വീട്ടില്‍നിന്നു ഇറങ്ങിയതായിരുന്നു.
തിങ്കളാഴ്ച രാത്രിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയിരുന്നു. എലിസബത്തിന്റെ അമ്മൂമ്മയും എലിസബത്തിനെ കാണാനില്ലെന്നു പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വീടിന് രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ആള്‍ത്താമസമില്ലാത്ത വീടിന്റെ ഷെഡിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഡില്‍ മുമ്പ് കീടനാശിനി ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നു. അതിനാൽ ഇതുപയോഗിച്ചിരുന്നോയെന്നും സംശയമുയര്‍ന്നിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.