ഹാരിസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണം വേണമെന്ന് ആവശ്യം
text_fieldsകുന്ദമംഗലം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിന് ഈസ്റ്റ് മലയമ്മ പാറമ്മൽ കുറുപ്പൻ തൊടികയിൽ ഹാരിസിന്റെ മരണത്തിലും പങ്കെന്ന് പരാതി. നിലമ്പൂർ കൊലപാതക കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ തങ്ങൾക്ക് ഉണ്ടായിരുന്ന സംശയം ശരിവെക്കുന്നതാണെന്ന് ഹാരിസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ഒരാഴ്ചക്കകം നാട്ടിലെത്തുമെന്ന് അറിയിച്ച ശേഷം 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെ അബൂദബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് വൈകീട്ട് വരെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഫ്ലാറ്റിൽ കൈഞരമ്പ് മുറിച്ച നിലയിൽ ഹാരിസ് മരിച്ച വിവരം പുലർച്ചെ മൂന്ന് മണിക്കാണ് അബൂദബിയിൽനിന്നും സുഹൃത്തിനെ അറിയിച്ചത്. അബൂദബി പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം ആണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഈസ്റ്റ് മലയമ്മ ഖബർസ്ഥാനിൽ ഖബറടക്കുകയായിരുന്നു.
നാട്ടിൽ ബസ് ജീവനക്കാരനായിരുന്ന ഹാരിസ് 2017ൽ ഭാര്യയെ അബൂദബിയിൽ നിർത്തി നാട്ടിലേക്ക് വന്നിരുന്നു. ഷൈബിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു ഹാരിസ്. ഷൈബിനുമായി ഉണ്ടായ തർക്കവും മറ്റും ഹാരിസിനെ വക വരുത്താൻ കാരണമായിട്ടുണ്ടാകാം എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിനിടയിൽ ഷൈബിൻ ദുബൈയിൽ ജയിലിലാവുകയും ചെയ്തു. ശേഷം അബൂദബിയിലെ സ്ഥാപനത്തിലെ ജീവനക്കാർക്ക് വേതനം നൽകിയില്ല എന്ന പേരിൽ ഈസ്റ്റ് മലയമ്മയിലെ വീടിന് മുമ്പിൽ പന്തൽ കെട്ടി സമരം ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും ബന്ധുക്കളും കുന്ദമംഗലം പൊലീസും ഇടപെട്ട് ഒഴിവാക്കി. കഴിഞ്ഞ ദിവസം നിലമ്പൂരിൽ പിടിയിലായ ഷൈബിന്റെ സുഹൃത്തുക്കൾ അന്നത്തെ സമരത്തിന് എത്തിയിരുന്നു എന്നാണ് വിവരം.
എല്ലാ മാസവും അബൂദബിയിൽനിന്നു നാട്ടിലെത്താറുണ്ടായിരുന്ന ഹാരിസിന്റെ മരണത്തിൽ സംശയമുണ്ടായ കുടുംബം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നെങ്കിലും മൃതദേഹം പുറത്തെടുത്ത് പരിശോധനയോടുള്ള വിയോജിപ്പും കുടുംബത്തിന് നേരെ ഭീഷണി നിലനിൽക്കുന്നതിനാലുമാണ് പരാതിയുമായി മുന്നോട്ടു പോകാതിരുന്നതെന്ന് സുഹൃത്ത് പറഞ്ഞു.
ഹാരിസിന്റെ മരണശേഷവും അയാളുമായി ബന്ധമുള്ളവര്‍ക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം നടന്നിരുന്നു. കൈമുറിച്ചു ആത്മഹത്യ ചെയ്ത ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയില്‍ ഒട്ടിച്ച ചാര്‍ട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിലൊരാള്‍ ഹാരിസാണ്. ദുരൂഹ സാഹചര്യത്തിൽ നടന്ന മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.