കിഫ്ബി മസാല ബോണ്ട് ഉടമ്പടികൾ രഹസ്യമാക്കുന്നതിൽ ദുരൂഹത
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ രേഖകൾ രഹസ്യമാക്കുന്നതിൽ ദുരൂഹതയെന്ന് ആക്ഷേപം. കിഫ്ബി പ്രവർത്തനങ്ങളെല്ലാം സുതാര്യമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവകാശപ്പെടുമ്പോഴും ഏറെ പ്രാധാന്യമുള്ള കരാർ രേഖകൾ പുറത്തുവിടുന്നില്ല.
സർക്കാറും കിഫ്ബിയും ബോണ്ട് രക്ഷാധികാരിയായ ഹോങ്കോങ്ങിലെ ദ ഹോങ്കോങ് ആൻഡ് ഷാങ്ഹായ് ബാങ്കിങ് കോർപറേഷനും (എ.എച്ച്.എസ്.ബി.സി) ചേർന്നുള്ള ട്രസ്റ്റ് ഉടമ്പടിയും 2018 സെപ്റ്റംബർ 19ലെയും 2019 മാർച്ച് 29ലെയും ഏജൻസി ഉടമ്പടികളും ഇതുവരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
മസാല ബോണ്ട് ഇടപാടിലെ സർക്കാർ ഗാരൻറിയുടെ വിശദാംശങ്ങളും സർക്കാറിെൻറ ഗാരൻറി ഉത്തരവും നിയമസഭയിൽപോലും വെച്ചിട്ടില്ല. സർക്കാർ ഒപ്പുവെച്ച കരാറുകൾ എന്താണെന്ന് അറിയാനുള്ള ജനാധിപത്യ അവകാശം സമൂഹത്തിനുണ്ട്.
മസാല ബോണ്ട് കടമെടുപ്പുമായി ബന്ധപ്പെട്ട ബാധ്യതകൾ കിഫ്ബി നിറവേറ്റുമെന്ന് നിക്ഷേപകർക്ക് സർക്കാർ നൽകുന്ന ഉറപ്പാണ് ഗാരൻറി. തിരിച്ചടവിൽ വീഴ്ച വന്നാൽ ബോണ്ട് രക്ഷാധികാരിയായ എച്ച്.എസ്.ബി.സിയും ആഭ്യന്തര രക്ഷാധികാരിയായ മുംബൈയിലെ ആക്സിസ് ട്രസ്റ്റി സർവിസസും പണം ഈടാക്കാൻ നടപടി സ്വീകരിക്കും.
ബാധ്യത നിറവേറ്റുന്നതിൽ കിഫ്ബി വീഴ്ച വരുത്തുന്നപക്ഷം സ്വന്തം നിലയിലോ നിക്ഷേപകരുടെ ആവശ്യപ്രകാരമോ എച്ച്.എസ്.ബി.സി നടപടിയെടുക്കും. ആഭ്യന്തര രക്ഷാധികാരിയായ ആക്സിസ് ട്രസ്റ്റി സർവിസസിനോട് കിഫ്ബിയുടെ പ്രത്യേക അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ എച്ച്.എസ്.ബി.സി ആവശ്യപ്പെടും.
ഇത് ആഭ്യന്തര രക്ഷാധികാരിക്ക് നേരിട്ടോ റിസീവർ വഴിയോ ചെയ്യാം. അക്കൗണ്ടുകളിൽ ലഭ്യമായ പണം ഡോളറാക്കി മാറ്റി, ആഭ്യന്തര രക്ഷാധികാരി ബോണ്ട് രക്ഷാധികാരിക്ക് നൽകും. തുടർന്ന് അത് നിക്ഷേപകർക്ക് കൈമാറും.
ബാധ്യതകൾ നിറവേറ്റുന്നതിന് പ്രത്യേക അക്കൗണ്ടിലെ തുക തികയാതെവന്നാൽ നികത്തേണ്ട ബാധ്യത സർക്കാറിനാണ്. കടക്കെണിയിലകപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികൾ വിറ്റ് കടം തീർക്കുന്നതുപോലെ സർക്കാർ ആസ്തികൾ വിറ്റും പണം നൽകേണ്ടിവരും.
കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ നിർദേശിക്കുന്നതും ആസ്തി വിറ്റ് കടംതീർക്കൽ മാതൃകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.