മൈസൂരു സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsമഞ്ചേരി: മൈസൂരു സ്വദേശി മുബാറകിനെ (46) തലക്കടിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേവീട്ടില്‍ മജീഷ് എന്ന ഷിജുവിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. 2022 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം.
20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മുബാറക് നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിച്ച് ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പ്രതിയും പ്രതിയുടെ കൂട്ടുകാരിയും മുബാറക്കും ചാലിയാര്‍ പുഴയിലെ വീരാഡൂര്‍ കടവിലിരുന്ന് മദ്യപിച്ചു. മദ്യലഹരിയില്‍, മജീഷിന്റെ കൂട്ടുകാരിയെ തന്റെ ഇംഗിതത്തിന് വിട്ടുതരണമെന്ന് മുബാറക് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. വഴക്കിനിടെ മജീഷ് വടികൊണ്ട് മുബാറക്കിന്റെ തലക്കടിച്ചു. അടിയേറ്റ് വീണ മുബാറക്കിനെ പുഴയിലേക്കെറിയുകയായിരുന്നു.
പിറ്റേന്ന് മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 15ന് മജീഷ് അറസ്റ്റിലായി. നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി. വിഷ്ണുവാണ് അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. പി.പി. ബാലകൃഷ്ണന്, അഡ്വ. കെ.പി. ഷാജു എന്നിവര്‍ ഹാജരായി. 38 സാക്ഷികളില്‍ 30 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു. 39 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി.
കേസിലെ ഏക ദൃക്സാക്ഷി, മജീഷിന്റെ കൂട്ടുകാരി കേസ് വിചാരണക്കെടുക്കും മുമ്പേ മരിച്ചിരുന്നു. ഇതോടെ ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
സംഭവ ദിവസം മുബാറക്കും മജീഷും യുവതിയും ഒരുമിച്ച് പുഴക്കടവിലേക്ക് പോകുന്നതിന്റെയും രണ്ടുപേര്‍ മാത്രം തിരിച്ചു വരുന്നതിന്റെയും സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. റിമാൻഡിലായ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാൻഡില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ്യാനും പ്രതി പിഴയടക്കാത്തപക്ഷം ഒരു വര്‍ഷത്തെ അധിക തടവിനും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.