എൻ. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു
text_fieldsകണ്ണൂർ: സുന്നി നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ല വൈസ് പ്രസിഡന്‍റുമായ എൻ. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി (56) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. കണ്ണൂരിലെ കലക്ടറേറ്റ് മാർച്ചിൽ മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം. പരിപാടിക്ക് ശേഷം കലക്ടർക്ക് നിവേദനം നൽകി മടങ്ങുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 3.30ഓടെയായിരുന്നു മരണം.
കണ്ണൂർ മട്ടന്നൂർ പഴശ്ശി സ്വദേശിയാണ്. 1966 ൽ പഴശ്ശിയിൽ അൽ ഹാജ് അബൂബക്കർ ഉസ്താദിന്‍റെയും സാറയുടെയും മകനായാണ് ജനനം. എസ്.എസ്.എഫിലൂടെ സംഘടന രംഗത്ത് എത്തി. എസ്.എസ്.എഫിന്‍റെയും എസ്.വൈ.എസിന്‍റെയും സംസ്ഥാന വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചു. സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡന്‍റും ജില്ലാ മുശാവറ അംഗവുമാണ്.
ഭാര്യ: നസീമ. മക്കൾ: ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ. ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ. മരുമക്കൾ: അഡ്വ. സാബിർ അഹ്സനി, ഉസ്മാൻ അസ്ഹരി, ഹാഫിള് ഉസ്മാൻ സഖാഫി. സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി.
ഖബറടക്കം നാളെ രാവിലെ എട്ടിന് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.