എൻ.എം. പിയേഴ്സന്റെ സ്ഥാനാർഥിത്വം: കൈയൊഴിഞ്ഞ് സി.പി.ഐ
text_fieldsപറവൂർ: പറവൂരിൽ സി.പി.ഐയുടെ സീറ്റിൽ എൻ.എം. പിയേഴ്സനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചത് ചില പ്രാദേശിക സി.പി.എം നേതാക്കളാണെന്ന് സി.പി.ഐ. എസ്. ശർമ എം.എൽ.എയുടെ പിന്തുണയോടെ സി.പി.എം ഏരിയ കമ്മിറ്റിയിലെ ചിലരാണ് ഈ ആവശ്യവുമായി പിയേഴ്സനെ സമീപിച്ചതത്രേ. അതിനുശേഷം പിയേഴ്സെൻറ വിജയസാധ്യത ഇവർ സി.പി.ഐ മണ്ഡലം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റിയിലെ ചുമതലപ്പെട്ട ആരുംതന്നെ പിയേഴ്സനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സി.പി.ഐ വ്യക്തമാക്കുന്നു.
സ്ഥാനാർഥിയെ സി.പി.എം കണ്ടെത്താൻ ശ്രമിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് മണ്ഡലം ഭാരവാഹികൾ പറയുന്നു. മത്സരിക്കാൻ തയാറാകണമെന്ന ആവശ്യത്തിന് സമ്മതിക്കാതെ സി.പി.ഐ, സി.പി.എം ജില്ല-സംസ്ഥാന നേതൃത്വം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന പിയേഴ്സെൻറ ആദ്യ പ്രതികരണം ശ്രദ്ധേയമാണ്. പ്രാദേശിക നേതാക്കൾ കാണിച്ച താൽപര്യം ജില്ല നേതാക്കൾ കാണിക്കാതെവന്നതോടെ താൻ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് പിയേഴ്സൺ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
അതേസമയം, പറവൂരിൽ സ്ഥാനാർഥിയെ കണ്ടെത്തൽ സി.പി.ഐക്ക് കീറാമുട്ടിയായി. മണ്ഡലം കമ്മിറ്റി എം.ടി. നിക്സൺ, രമ ശിവശങ്കരൻ, ഡിവിൻ കെ. ദിനകരൻ, കെ.ബി. അറുമുഖൻ, എ.കെ. സുരേഷ് എന്നീ പേരുകളാണ് നിർദേശിച്ചത്. ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് അയച്ച പട്ടികയിൽ എം.ടി. നിക്സൺ, ടി.സി. സൻജിത്, കെ.ബി. അറുമുഖൻ എന്നിവരാണ് ഇടംപിടിച്ചത്.
ജയസാധ്യത തീരെ ഇല്ലാത്തതിനാൽ ഈ മൂന്നംഗ ലിസ്റ്റ് തിരിച്ചയച്ചു. വനിത-യുവജന പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന കൗൺസിൽ ജില്ല നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ രമ ശിവശങ്കരൻ, ഡിവിൻ കെ. ദിനകരൻ, ടി.സി. സൻജിത് ഇവരിൽ ആരെയെങ്കിലും പരിഗണിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.