ആ ലൈംഗിക ആരോപണം തെറ്റായിരുന്നു; ഉമ്മന്‍ ചാണ്ടിയോട് മാപ്പുപറഞ്ഞ് ദേശാഭിമാനി മുന്‍ പത്രാധിപർ
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കുനേരെ 2013ല്‍ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാനരഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ‘ദേശാഭിമാനി’ മുൻ കണ്‍സൾട്ടിങ് എഡിറ്റർ എന്‍. മാധവൻകുട്ടി. ദേശാഭിമാനിയിലുണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളില്‍ മനഃപൂര്‍വം മൗനം പാലിക്കേണ്ടിവന്നതായും ഫേസ്ബുക്ക് കുറിപ്പിൽ മാധവന്‍കുട്ടി പറയുന്നു.
എന്‍. മാധവന്‍കുട്ടി ദേശാഭിമാനിയിൽ കൺസൾട്ടിങ് എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടിക്കു നേരെ ലൈംഗികാരോപണമുയരുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നറിഞ്ഞിട്ടുകൂടി പത്രത്തിന്‍റെ താക്കോല്‍ സ്ഥാനത്തായതിനാൽ മൗനം പാലിക്കേണ്ടിവന്നു. അന്ന് നല്‍കിയ ആ അധാര്‍മിക പിന്തുണയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നെന്നും മാധവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒ ചാരക്കേസിനിടയിലെ സംഭവത്തെക്കുറിച്ചും മാധവന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ‘ശൈലിമാറ്റം’, ‘ഐ.എസ്.ആര്‍.ഒ ചാരക്കേസ്’ തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയതും അതിനു പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസ് കരുണാകരനെതിരെ എഡിറ്റോറിയല്‍ എഴുതിയതുമെല്ലാം അധാര്‍മികമായിരുന്നെന്നും മാധവന്‍കുട്ടി തുറന്നുപറഞ്ഞു. അന്ന് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. ഈ ഏറ്റുപറച്ചിലുകള്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ മരണംവരെ കാത്തിരുന്നെന്നതിന് ക്ഷമിക്കുക എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.