നാടുകാണി ചുരത്തിൽ താൽക്കാലിക പാത തുറന്നു
text_fieldsനിലമ്പൂർ: നാടുകാണി ചുരത്തിൽ റോഡ് വിള്ളലുണ്ടായ ജാറത്തിന് സമീപം താൽക്കാലിക പാത നിർമിച്ചു. 25 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലുമാണ് റോഡിെൻറ ഇടതുഭാഗത്ത് പാത നിർമിച്ചിട്ടുള്ളത്. ബുധനാഴ്ച ഇതേ വീതിയിലും നീളത്തിലും വലതുഭാഗത്ത് കൂടി പാത നിർമിക്കും. ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെ ഒന്നാംഘട്ട പാത നിർമാണം പൂർത്തീകരിച്ചു. പ്രവൃത്തി നടക്കുന്ന സമയം വലതുഭാഗത്ത് കൂടി വാഹനങ്ങളെ കടത്തിവിട്ടു.
ഒരേസമയം ഒരു ഭാഗത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന രീതിയിലാണ് പാതയുള്ളത്. വൈകീട്ട് 3.30ഓടെ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ജി. ഗീത സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് പാതവഴി വാഹനങ്ങളെ കടത്തിവിട്ടത്. ബുധനാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ബസ് ഉൾെപ്പടെയുള്ളവക്ക് മാനദണ്ഡങ്ങൾ പാലിച്ച് ചുരംവഴി സർവിസ് നടത്താം. താൽക്കാലിക പാത തുടങ്ങുന്ന ഭാഗത്ത് യാത്രക്കാരെ ഇറക്കിക്കയറ്റണമെന്നാണ് പൊതുമരാമത്തിെൻറ നിർദേശം.
അതേസമയം, 12 ചക്ര വാഹനങ്ങളുൾെപ്പടെയുള്ള വലിയ ചരക്കുവാഹനങ്ങൾക്കുള്ള യാത്രനിരോധനം തുടരും. താൽക്കാലിക പാത ഒരുക്കി വാഹനങ്ങളെ കടത്തിവിടാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചതെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ജി. ഗീത പറഞ്ഞു. വിള്ളലുണ്ടായ ഭാഗത്ത് റോഡ് അടച്ചതായി കാണിച്ച് സ്ഥാപിച്ച ബോർഡ് ഇന്ന് നീക്കം ചെയ്യും. പകരം നിർദേശങ്ങളടങ്ങിയ ബോർഡ് സ്ഥാപിക്കും. അടുത്തദിവസം സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ആർ.ആർ.ഐ) സംഘം പരിശോധന നടത്തും. സംഘം നൽകുന്ന മാർഗനിർദേശങ്ങളും പ്ലാനും രൂപരേഖയും പ്രകാരം ചുരത്തിൽ സുരക്ഷിതപാത നിർമിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.