നാടുകാണിയിലെ പ്രവേശന വിലക്ക്: തീരുമാനം മാറ്റാതെ സർക്കാർ
text_fieldsമലപ്പുറം: ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിയവർ വിവിധ ചെക്പോസ്റ്റിലൂടെ നാട്ടിലെത്തുേമ്പാഴും മലപ്പുറം ജില്ലയിലെ ഏക അതിർത്തി പ്രവേശനകവാടമായ നാടുകാണി അടഞ്ഞുതന്നെ. ജില്ലയിൽനിന്നുള്ള ഏക മന്ത്രി കെ.ടി. ജലീലും ഭരണകക്ഷി എം.എൽ.എ പി.വി. അൻവറും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമില്ല.
ചെക്പോസ്റ്റ് തുറക്കാൻ നടപടി സ്വീകരിക്കണമെന്നഭ്യർഥിച്ച് മേയ് അഞ്ചിനുതന്നെ സി.പി.എം ജില്ല സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരും ജില്ല കോൺഗ്രസ് കമ്മിറ്റി, വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി എന്നിവയും ഇതേ ആവശ്യമുന്നയിച്ചു. എന്നിട്ടും നാടുകാണി തുറക്കേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി.
ഗൂഡല്ലൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധിപേർ ദിവസവും നാടുകാണി ചെക്പോസ്റ്റിലെത്തി മടങ്ങുകയാണ്. ഇവിടെവരെ യാത്രചെയ്യാനുള്ള പാസ് നീലഗിരി ജില്ല ഭരണകൂടം നൽകുന്നുണ്ട്. എന്നാൽ, കേരളസർക്കാർ കനിയാത്തതാണ് പ്രശ്നം. പഠനാവശ്യത്തിനും കുടുംബ സന്ദർശനത്തിനും കച്ചവടത്തിനുമൊക്കെ പോയി കുടുങ്ങിയവരാണ് പെരുവഴിയിലായത്. ചെക്പോസ്റ്റ് അടച്ചതിനാൽ നോർക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരോട് മുത്തങ്ങയോ വാളയാറോ തെരഞ്ഞെടുക്കാനാണ് പറയുന്നത്. ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന നാടുകാണിവഴി ഗൂഡല്ലൂരിൽനിന്ന് മലപ്പുറത്ത് എത്താൻ 86 കിലോമീറ്റർ യാത്രമതി. ഇതിനുപകരം 200ലേറെ കിലോമീറ്റർ യാത്രചെയ്യേണ്ട സ്ഥിതിയാണ്.
ചികിത്സക്കായി ഗൂഡല്ലൂരിലെ മലയാളികൾ ആശ്രയിക്കുന്നത് നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളെയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലെ കുടുംബങ്ങൾക്ക് ഗൂഡല്ലൂരുമായി ബന്ധമുണ്ട്. സർക്കാർ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിനാളുകൾ അതിർത്തിയുടെ ഇരുഭാഗത്തും കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.