ചികിത്സ സഹായത്തിന് കാത്തുനിൽകാതെ നജീബ് യാത്രയായി
text_fieldsചെങ്ങമനാട്: നാടിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഒന്നര മാസത്തെ ആശുപത്രിവാസത്തിനു ശേഷം നജീബ് വിടവാങ്ങി. മസ്തിഷ്കാഘാതത്തെ തുടർന്ന് അവശനിലയിൽ കഴിഞ്ഞ ഡിസംബർ 15 മുതൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചെങ്ങമനാട് പനയക്കടവ് കക്കൂഴിപ്പറമ്പിൽ (പാറേപ്പറമ്പിൽ) വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകൻ പി.എം. നജീബാണ് (34) വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ മരിച്ചത്.
കോൺഗ്രസ് ബൂത്ത് പ്രസിഡന്റും പനയക്കടവ് മഹല്ല് ജമാഅത്ത് കമ്മറ്റി എക്സിക്യൂട്ടീവംഗവുമായ നജീബ് മേഖലയിലെ കലാ, കായിക, സാമൂഹിക, സംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ശേഷം ഖാദി ബോർഡിന്റെ സ്വയം തൊഴിൽ പദ്ധതിയിൽ നിന്ന് വായ്പയെടുത്ത് വീടിനോട് ചേർന്ന് സോഡ യൂനിറ്റ് തുടങ്ങി പ്രവർത്തനം മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബർ 15ന് വൈകിട്ട് അപ്രതീക്ഷിതമായുണ്ടായ മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഒരുവശം തളർന്ന് വീഴുകയായിരുന്നു. ഉടനെ എറണാകുളം അമൃത ഹോസ്പിറ്റലിലെത്തിച്ചെങ്കിലും നജീബിന്റെ ജീവൻ തിരിച്ചു കിട്ടാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ചികിത്സക്ക് ഭീമമായ തുക വേണ്ടി വരുമെന്നറിഞ്ഞതോടെ മഹല്ല് ജമാഅത്തും നാടും വീടും ഒന്നടങ്കം കൈകോർത്ത് രണ്ട് ദിവസത്തിനകം ആവശ്യമായ ഫണ്ട് കണ്ടെത്തി. എന്നാൽ, ശസ്ത്രകൃയ നടത്തുന്നതിനാവശ്യമായ പുരോഗതിയുണ്ടായില്ല. അതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ നജീബ് ജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. ആലുവ എടയപ്പുറം മനക്കത്താഴം വീട്ടിൽ ഷംസുദ്ദീന്റെയും സൽമയുടെയും മകൾ ഷംല മോളാണ് നജീബിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സൈഷാദ് (10), മുഹമ്മദ് ഫർഹാൻ (ഏഴ്), മുഹമ്മദ് ഹംദാൻ (നാല്). സഹോദരി: ബീമ ബീവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.