അമ്മയുടേത് പോലെ നജ്മൽ ബാബുവിെൻറ ആഗ്രഹവും ആദരിക്കണം –എം.ഡി. നാലപ്പാട്
text_fieldsകൊടുങ്ങല്ലൂർ: തെൻറ അമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചത് പോലെ നജ്മൽ ബാബുവിെൻറ ആഗ്രഹവും ആദരിക്കപ്പെടേണ്ടതായിരുന്നു എന്ന് കമല സുറയ്യയുടെ മകനും പ്രമുഖ പത്രപ്രവർത്തകനുമായ എം.ഡി.നാലപ്പാട്. നജ്മൽ സൗഹൃദ കൂട്ടായ്മ കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘‘നജ്മൽ ബാബുവിെൻറ മരണാനന്തര രാഷ്ട്രീയം’’ എന്ന പരിപാടിക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘പാളയം പള്ളിയിൽ അമ്മയുടെ ഖബറടക്കം നടന്നപ്പോൾ എല്ലാ വിഭാഗീയതകളും അവിടെ ഇല്ലാതായി. വളർത്തുസഹോദരൻമാരായ ഇംതിയാസും ഇർഷാദും അടക്കമുള്ള സഹോദരങ്ങളും അതിെൻറ ഭാഗമായി. എല്ലാവരും പള്ളിയിലെ ഇമാമിെൻറ പിറകിൽ ഒന്നിച്ചുനിന്ന് അമ്മക്ക് വേണ്ടി പ്രാർഥിച്ചു. അമ്മയുടെ ഭൗതികശരീരം ആ മണ്ണ് ഏറ്റുവാങ്ങിയപ്പോൾ ആ അന്തരീക്ഷം ഞങ്ങളെ ഒരു കുടുംബമാക്കി’’-അദ്ദേഹം പറഞ്ഞു.
‘‘മരണാനന്തരം എന്തു സംഭവിച്ചുവെന്നതിനപ്പുറം, വിധി നിർണയ നാളിൽ ഒരു വിശ്വാസിയുടെ ഹൃദയാന്തരത്തിലുള്ളതാണ് കണക്കാക്കപ്പെടുക. മരണാനന്തര ചടങ്ങുകൾ എന്തായാലും ആ വിശ്വാസദാർഢ്യത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. നാം എല്ലാം സർവശക്തെൻറ മക്കളാണ്. ഖുർആനിൽ ആയിരക്കണക്കിന് പ്രവാചകൻമാരെപ്പറ്റി സൂചിപ്പിക്കുന്നത് കണക്കിലെടുത്താൽ ഇന്ത്യയിൽനിന്ന് അത്തരം സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ആചാരങ്ങൾ വ്യത്യാസമാണെങ്കിലും ഏകോദരസഹോദരങ്ങളെപ്പോലെ ഹിന്ദുവായാലും മുസ്ലിമായാലും ക്രൈസ്തവരായാലും സർവശക്തനായ ദൈവത്തെയാണ് നാം തേടേണ്ടത്. നിങ്ങളുടെ ഈ സംഗമവും അങ്ങനെ അനുഭവത്തെ സാധ്യമാക്കട്ടെ. നാം ബഹുസ്വരതയെ അംഗീകരിക്കണം. നാം എല്ലാവരും ഒരേ ദിവ്യശക്തിയുടെ സന്താനങ്ങളാണ്. നജ്മൽ ബാബുവിെൻറ അവസാന ആഗ്രഹം നിറവേറ്റപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായേനെ! ബാബുവിെൻറ ആഗ്രഹത്തെ നിരാകരിച്ചവരോട് ദേഷ്യവും വെറുപ്പും തോന്നേണ്ടതില്ല. നാം പൊറുക്കണം. ഈ കാരുണ്യമായിരുന്നു നജ്മൽ ബാബു ആഗ്രഹിച്ചത് ’’ -സന്ദേശം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.