തന്ത്രി, പന്തളം രാജകുടുംബങ്ങളുടെ വരവോടെ പ്രതിഷേധം ശക്തമാകുന്നു
text_fieldsപത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ‘നാമജപ ഘോഷയാത്ര’ സമര പരിപാടികളിൽ തന്ത്രിമാർ, പന്തളം രാജകുടുംബാംഗങ്ങൾ എന്നിവർ കൂടി പങ്കാളികളായതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കൂട്ടായ നേതൃത്വമോ സംഘടനാ പിൻബലമോ ഇല്ലാതെ വിശ്വാസികൾ സംഘടിച്ച് നടത്തിവന്ന സമരങ്ങൾക്ക് തന്ത്രിമാരുടെ വരവോടെ നേതൃത്വമുണ്ടെന്ന് വന്നിരിക്കുന്നു. തന്ത്രിമാരെയും രാജകുടുംബത്തെയും സമരരംഗത്ത് ഇറക്കിയതിനു പിന്നിൽ എൻ.എസ്.എസ് ആണെന്ന അഭ്യൂഹം ശക്തമാണ്. പ്രതിഷേധം ശക്തമാക്കി സർക്കാറിനെ സമ്മർദത്തിലാക്കുന്നതിന് ഹൈന്ദവ, സമുദായ സംഘടനകൾ നടത്തുന്ന തന്ത്രപരമായ നീക്കമാണ് തന്ത്രിമാരെ സമരരംഗത്ത് ഇറക്കിയതിനു പിന്നിലെന്നാണ് വിലയിരുത്തൽ.
എൻ.എസ്.എസും ബ്രാഹ്മണരുടെ സംഘടനയായ യോഗക്ഷേമസഭയും തന്ത്രിമാരുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും ഇടപെടാതിരുന്ന തന്ത്രികുടുംബം ആദ്യമായാണ് ശബരിമലയുമായി ബന്ധപ്പെട്ട് പൊതു ജനമധ്യത്തിലേക്ക് വരുന്നത്. എൻ.എസ്.എസ് നടത്തിയ കരുനീക്കങ്ങളാണ് തന്ത്രികുടുംബത്തെ അതിന് ധൈര്യപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്ന് തന്ത്രി, രാജകുടുംബങ്ങളും എൻ.എസ്.എസും പറഞ്ഞിട്ടുണ്ട്. അതിൽ വിജയസാധ്യത വിരളമാണെന്നാണ് ഇവർക്ക് ലഭിച്ച നിയമോപദേശമെന്നറിയുന്നു. ആചാരസംരക്ഷണം സാധ്യമാകണമെങ്കിൽ നിയമ നിർമാണം വേണമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. അതിന് കളമൊരുക്കുന്നതിനാണ് പ്രതിഷേധം ശക്തമാക്കുന്നത്. കമ്യൂണിസ്റ്റ് സർക്കാർ എന്ന ആർജവത്തോടെ ദുരാചാരത്തെ എതിർക്കുന്നു എന്ന് വരുത്തിത്തീർക്കാനാണ് സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിച്ചത്. അതിൽനിന്ന് പിന്തിരിയുക സംസ്ഥാന സർക്കാറിനും അഭിമാനപ്രശ്നമാണ്. ഹൈന്ദവ വിശ്വാസികളുടെ വിഷയമായിട്ടും ആർ.എസ്.എസും ബി.ജെ.പി േദശീയ നേതൃത്വവും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിൽ നിർണായകമാകുന്ന വിധിയാണിതെന്നതു കൊണ്ടാണെന്ന് വിലയിരുത്തപ്പെടുത്തുന്നുണ്ട്.
ഇക്കാര്യം മതന്യൂന പക്ഷങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അനാചാരത്തെ എതിർക്കുന്നു എന്ന നിലയിൽ കണ്ണടച്ച് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാൽ ഹൈന്ദവരുടെയും മതന്യൂനപക്ഷങ്ങളുടെയും ശത്രുതക്ക് ഒന്നുപോലെ പാത്രമാകേണ്ടി വരുമെന്ന ചർച്ച ഇടതു പക്ഷ പാർട്ടികൾക്കിടയിൽ സജീവമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.