ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സി.ബി.ഐ കുറ്റപത്രം
text_fieldsതിരുവനന്തപുരം: മുൻ സി.ഐ എസ്. വിജയനാണ് ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി.ബി.ഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുന്‍ ഡി.ജി.പി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്.
സിബി മാത്യൂസിന്‍റെ നിർദേശ പ്രകാരം കൃത്രിമമായി േരഖകൾ കെട്ടിച്ചമച്ചത് മുൻ ഡിവൈ.എസ്.പി കെ.കെ. ജോഷ്വ ആണെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചനക്കേസില്‍ സി.ബി.ഐ ഡൽഹി യൂനിറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എസ്.പിയായി വിരമിച്ച എസ്. വിജയൻ, മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ, മുൻ ഡിവൈ.എസ്.പി കെ.കെ ജോഷ്വ, മുൻ ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.
സ്പെഷൽ ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്. വിജയന്‍ മാലി വനിത മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചെന്നാണ് കുറ്റപത്രം. ഹോട്ടൽ മുറിയിൽ കടന്നുപിടിക്കാൻ ശ്രമിച്ച വിജയനെ മറിയം റഷീദ എതിർത്തതിലുള്ള പ്രതികാരമായാണ് കേസെടുത്തത്. മറിയം റഷീദയുടെ യാത്രാരേഖകൾ പിടിച്ചെടുത്ത് വിസ കാലാവധി ലംഘിച്ചെന്ന പേരിൽ കേസെടുത്തതാണ് സംഭവത്തിന്‍റെ തുടക്കം.
ഫോട്ടോ സഹിതം കെട്ടിച്ചമച്ച വാർത്തകൾ മാധ്യമങ്ങൾക്ക് നൽകിയതും വിജയനാണ്. മറിയം റഷീദയെ അന്യായ തടങ്കലിൽ വെച്ചു. ആർ.ബി. ശ്രീകുമാറിന്‍റെ നേതൃത്വത്തിലെ ഐ.ബി സംഘത്തിന് ചോദ്യം ചെയ്യാൻ അവസരമൊരുക്കി. മറിയം റഷീദയെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ച് കുറ്റസമ്മതം നടത്താൻ ശ്രമിച്ചു. ആവശ്യമായ തെളിവുകൾ ലഭിക്കാതെ വന്നതോടെ പൊലീസ് കസ്റ്റഡി അവസാനിക്കുമെന്ന് തിരിച്ചറിഞ്ഞ വിജയൻ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ചാരക്കേസ് എന്ന പേരിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ചത് ഈ കേസാണ്.
ഇതോടെ ഡി.ഐ.ജിയായിരുന്ന സിബി മാത്യൂസിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവുണ്ടാക്കാനായി കൂടുതൽ പേരെ അറസ്റ്റ് ചെയ്തു. അതിനനുസരിച്ചു രേഖകളും ചമച്ചു. കുറ്റസമ്മതം നടത്താനായി അറസ്റ്റിലായവരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. നിയമവിരുദ്ധമായി ചോദ്യം ചെയ്യാൻ ഐ.ബി ഉദ്യോഗസ്ഥരെ അനുവദിച്ചതായും കുറ്റപത്രം വിശദമാക്കുന്നു.
സുപ്രീംകോടതി നിർദേശപ്രകാരം കെ.കെ. ജയിൻ കമീഷൻ ശിപാർശയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ 11 ഐ.ബി ഉദ്യോഗസ്ഥരെയും ഏഴ് കേരള പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്തിരുന്നു. 18 പേരിൽനിന്ന് 13 ഉദ്യോഗസ്ഥരെ ഒഴിവാക്കി അഞ്ചു പേരെ പ്രതിചേർത്തുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.