നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; എയർ ഇന്ത്യ ഓഫീസിന് മുമ്പിൽ ബന്ധുക്കളുടെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഒമാനിൽ തിരുവനന്തപുരം സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധം. മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയർ ഇന്ത്യയുടെ ഓഫീസിന് മുമ്പിലാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് എയർ ഇന്ത്യയുടെ ഇഞ്ചക്കലിലെ ഓഫീസിന് മുമ്പിൽ മൃതദേഹം ഇറക്കിവെച്ചത്. സംഭവത്തിൽ നീതി കിട്ടണമെന്നും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം. പിന്നീട് സംസ്കാര ചടങ്ങുകൾക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന അധികൃതരുടെ ഉറപ്പിൽ മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.
തിങ്കളാഴ്ച രാവിലെയാണ് അസുഖബാധിതനായ കരമന നെടുങ്കാട് റോഡില്‍ നമ്പി രാജേഷ് (40) മസ്കത്തിൽ മരിക്കുന്നത്. തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നമ്പി രാജേഷിനെ കാണാന്‍ മേയ് എട്ടിന് രാവിലെ മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത സി. രവി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.
അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്ന് പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഉറ്റവരെ അവസാനമായി നോക്കുകാണാനാകാതെ രാജേഷ് തിങ്കളാഴ്ച മരിച്ചത്.
മസ്‌കത്തില്‍ ഐ.ടി മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മക്കൾ: അനിക (യു.കെ.ജി), നമ്പി ശൈലേഷ് (പ്രീ കെ.ജി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.