നയിക്കാൻ രാഹുലല്ലാതെ വേറൊരാളിന്‍റെ പേര് പറയൂ -കാനം
text_fieldsതിരുവനന്തപുരം: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കാൻ രാഹുൽ ഗാന്ധിയല്ലാതെ വേറൊരാളിന്‍റെ പേര് പറയൂ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റംഗവുമായ കാനം രാജേന്ദ്രൻ. കോൺഗ്രസ് ദുർബലമായാൽ പകരം വെക്കാൻ ഇടതുപക്ഷത്തിന് ആകില്ല. ഇതാണ് ബിനോയ് വിശ്വം പറഞ്ഞത്. അതാണ് സി.പി.ഐ നയമെന്ന് പ്രസ് ക്ലബിന്‍റെ മീറ്റ ദ പ്രസിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.ഐ- സി.പി.എം തർക്കം തുടരുന്നതിനിടെയാണ് കാനത്തിന്‍റെ പ്രസ്താവന.
ദേശീയതലത്തിൽ ഇടത്, ജനാധിപത്യ, മതേതര ശക്തികളുടെ കൂട്ടായ്മ വേണമെന്നാണ് സി.പി.ഐ നിലപാട്. ബി.ജെ.പിയെ എതിർക്കാനുള്ള മുന്നണിയായി അത് വളർന്നുവരണം. അങ്ങനെ ഒരു വേദിയിൽ കോൺഗ്രസിന് പ്രധാന റോളുണ്ട്. മറ്റു കക്ഷികളില്ലാതെ കോൺഗ്രസിനും നിൽക്കാൻ കഴിയില്ല.
കോൺഗ്രസുമായുള്ള ബന്ധം കേരളത്തിൽ എൽ.ഡി.എഫിനെ ബാധിക്കില്ല. യു.പി.എ സർക്കാറിന് പിന്തുണ നൽകുമ്പോഴാണ് 2006 ൽ കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. അന്നുണ്ടാകാത്തത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സംഭവിക്കില്ലെന്നും ബിനോയ് വിശ്വത്തിന് എതിരായ കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തള്ളി കാനം പറഞ്ഞു. കോൺഗ്രസിന് അപചയം സംഭവിച്ചിട്ടുണ്ടെന്നതിൽ തനിക്കും കോടിയേരിക്കും ഒരേ അഭിപ്രായമാണ്.
ജനങ്ങളുടെ അംഗീകാരം നേടി അധികാരത്തിൽ വന്ന സർക്കാറിന് സിൽവർ റെയിൽ നടപ്പാക്കാൻ മറ്റൊരു ഹിതപരിശോധനയുടെ ആവശ്യമില്ല. കെ റെയിലിനെതിരെ സി.പി.ഐയിൽ പ്രതിഷേധമെന്നത് കേൾവി മാത്രമാണ്. എല്ലാ പഠനങ്ങൾക്കും ശേഷമേ പദ്ധതി വരൂ. സർക്കാർ നയത്തിന് വിരുദ്ധമായി പൊലീസിന്‍റെ താഴെത്തട്ടിൽ ചില ആളുകൾ പെരുമാറുന്നുണ്ട്. അത് പുതിയ കാര്യമല്ല. കുറ്റം ചെയ്യുന്നവർക്കെതിരെ സർക്കാർതന്നെ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.