കുടുംബഭൂമി തട്ടിയെടുക്കാൻ കള്ളരേഖയുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് നഞ്ചിയമ്മ
text_fieldsകോഴിക്കോട് : തന്റെ കുടുംബഭൂമി തട്ടിയെടുക്കാൻ കള്ളരേഖയുണ്ടാക്കിയവർക്കെതിരെ കലക്ടർ നടപടിയെടുക്കണമെന്ന് ഗായിക നഞ്ചിയമ്മ. മാധ്യമം ഓൺലൈന് അയച്ച വിഡിയോ സന്ദേശത്തിലാണ് നഞ്ചിയമ്മ ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ടി.എൽ.എ കേസ് കലക്ടററേറ്റിൽ നടക്കുകയാണ്. അതേസമയം, ഈ ഭൂമിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ കള്ളരേഖയുണ്ടാക്കിയത് തന്റെ ശ്രദ്ധയിൽപ്പെട്ടു.
ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നേരത്തെ പരാതി നൽകിയിരുന്നു. ആ കേസ് നിലവിൽ കലക്ടറുടെ അന്വേഷണത്തിലാണ്. അതുമായി ബന്ധപ്പെട്ട കേസിന് എല്ലാ മാസവും പോകുന്നുണ്ട്. അതേസമയം, ഭൂമി തട്ടിയെടുക്കാൻ കള്ളരേഖയുണ്ടാക്കിയവർക്കെതിരെ സാറന്മാർ(സർക്കാർ) നടപടി സ്വീകരിക്കണമെന്ന് നഞ്ചിയമ്മ വീഡിയോയിൽ ആവശ്യപ്പെട്ടു.
നഞ്ചിയമ്മയുടെ ഭൂമിക്കുമേൽ അവകാശം ഉന്നയിക്കുന്ന കെ.വി മാത്യുവും ജോസഫ് കുര്യനും ഭൂമി വാങ്ങിയ മാരിമുത്തുവിന്റെ പേരിലുള്ള ആധാരം ഹാജരാക്കിയിട്ടില്ലെന്ന് പാലക്കാട് കലക്ടർ അറിയിച്ചു. മാധ്യമം ഓൺലൈന് നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. അഗളി വില്ലേജ് ഓഫിസിൽനിന്ന് ഭൂമിയുടെ നികുതി രസീതോ കൈവശ സർട്ടിഫിക്കറ്റോ കൈപ്പറ്റിയിട്ടില്ലെന്ന് മാരിമുത്തുനേരത്തെ വെളിപ്പെടുത്തിയിരുന്നു. മാരിമുത്തുവിന്റെ പേരിലുള്ള ആധാരം കാണാതെയാണ് സബ് രജിസ്ട്രാർ പ്രമാണം കെ.വി മാത്യുവിന്റെ പേരിൽ രജിസ്ട്രർ ചെയ്തത്.
അഗളി സബ് രജിസ്ട്രാർ ഓഫീസിൽ കെ.വി. മാത്യു നഞ്ചിയമ്മയുടെ ഭൂമിക്ക് വ്യാജആധാരം രജിസ്റ്റർ ചെയ്യുമ്പോൾ മാരിമുത്തുവിന്റെ പേരിൽ പ്രമാണം ഉണ്ടായിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കന്തസ്വാമി ബോയന്‍ മാരിമുത്തൂന് ഭൂമി കൈമാറ്റം ചെയ്തതായി രേഖയില്ല. നാഗമുപ്പന്റെ ഭൂമി കന്തസ്വാമി ബോയന് കൈമാറിയതിന് രേഖയുണ്ട്. മാരിമുത്തുവിനെ കന്തസ്വാമിയുടെ മകനായി വേഷം കെട്ടിച്ചാണ് കെ.വി മാത്യുവിന്റെ പേരിൽ ആധാരം ചമച്ചത്. ആധാരം തായാറാക്കിയ ആധാരമെഴുത്തുകാരനും ഇക്കാര്യം അറിയാമായിരുന്നു. അതിനാലാണ് കോടതി ഉത്തരവ് മാത്രം ആധാരത്തിൽ പരാമർശിച്ചത്.
അട്ടപ്പാടിയിലെ ഭൂമാഫിയ സംഘം വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നതിന് മികച്ച ഉദാഹരണം ആണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിന്റെ നാൾവഴികൾ. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് ടി.എൽ.എ കേസ് നിലനിൽക്കവേയാണ് ഭൂമിയുമായി ബന്ധമില്ലാത്ത രണ്ട്പേർ ആധാരം നടത്തിയത്. കെ.വി മാത്യുവിന്റെ പേരിൽ ആധാരം ചമച്ചപ്പോൾ സാക്ഷി സ്ഥാനത്ത് ജോസഫ് കുര്യനായിരുന്നു. അതിന്റെ പ്രതിഫലം എന്ന നിലയിലാണ് 50 സെൻറ് ഭൂമി ജോസഫ് കുര്യന് പിന്നീട് കെ.വി മാത്യു നൽകിയത്.
അട്ടപ്പാടിയിൽ വ്യാജരേഖ നിർമ്മിച്ച് ആദിവാസി ഭൂമി തട്ടിയെത്തത് സംബന്ധിച്ച പരാതികളിൽ മധ്യമേഖല റലവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ പരിശോധന നടത്തിയിരുന്നു. റിപ്പോർട്ട് ഇതുവരെ ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.