എം.ജി സമരം: ചുമതലയിൽ നിന്ന് മാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് നന്ദകുമാർ കളരിക്കൽ
text_fieldsകോട്ടയം: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ചുമതലകളിൽ നിന്ന് മാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് എം.ജി സർവകലാശാല നാനോ സയൻസ് വിഭാഗം മേധാവി ഡോ. നന്ദകുമാർ കളരിക്കൽ. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കോടതി തള്ളിയതാണ്. പിന്നെയും ഇക്കാര്യം പറഞ്ഞ് സമരം ചെയ്യുന്നത് ശരിയല്ലെന്നും നന്ദകുമാർ പ്രതികരിച്ചു.
ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ ആരോപണങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ സിൻഡിക്കേറ്റ് നടപടി. അതിനാലാണ് നിയമപരമായി നീങ്ങുന്നതെന്ന് നന്ദകുമാർ പറഞ്ഞു.
അതേസമയം, എം.ജി സർവകലാശാലയിലെ ഗവേഷക ദീപാ പി. മോഹനന്‍ സമരം തുടരുന്നതിനെ സർക്കാർ വിമർശിച്ചു. ആരോപണ വിധേയനെതിരെ നടപടി എടുത്തിട്ടും സമരം തുടരുന്നതിന്‍റെ താൽപര്യം മനസിലാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ എം.ജി സര്‍വകലാശാലയിലേത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എം.ജി സര്‍വകലാശാലയിൽ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ദലിത് വിദ്യാർഥി ദീപാ പി. മോഹനൻ നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് സബ്മിഷനായാണ് സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ജാതി വിവേചനമുണ്ടായെന്ന് അന്വേഷണ കമീഷൻ വിലയിരുത്തിയിട്ടും നടപടി ഉണ്ടായില്ല. നിയമങ്ങൾ മറികടന്നും, മുൻവിധിയോടും പെരുമാറുന്ന സര്‍ക്കാരിന്‍റെ നടപടി ശരിയായ രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ജാതി വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി വേണമെന്നാണ് സർക്കാർ നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. ആരോപണ വിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ പിരിച്ചു വിടണമെന്ന ആവശ്യത്തിൽ സർവകലാശാല നിയമം അനുസരിച്ചേ നടപടി എടുക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.