അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാർ ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥൻ; നടപടി വൈകുന്നതിൽ വിമർശനം
text_fieldsകോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയ ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി നിലവിൽ ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥൻ. ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഉന്നത തസ്തികയിലാണ് നന്ദകുമാര്‍ ജോലി ചെയ്യുന്നത്.
സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറി തസ്തികയിൽ നിന്ന് ഒരു വർഷം മുമ്പ് വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ സർക്കാർ നിയമിച്ചത്. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ നന്ദകുമാറിനും ബാധകമാണ്.
ഈ സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെതിരെ വകുപ്പ് തല നടപടി സർക്കാറിന് സ്വീകരിക്കേണ്ടി വരും.മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ മകൻ ഡോ. വി.എ അരുൺ കുമാറാണ് ഐ.എച്ച്.ആർ.ഡി ഡയറക്ടർ.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയിൽ അച്ചു ഉമ്മന്റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പോസ്റ്റുകളിലെ വാചകങ്ങളും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട സൈബർ അക്കൗണ്ടുകളുടെ വിവരങ്ങളും മൊഴിയായി നൽകിയിട്ടുണ്ട്. അതേസമയം, അച്ചു ഉമ്മന്റെ പരാതിയിൽ നന്ദകുമാറിനെ ചോദ്യം ചെയ്യാത്ത പൊലീസ് നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സംസ്ഥാന വനിത കമീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും അപമാനിച്ചുവെന്നായിരുന്നു പരാതി. പ്രചരിക്കപ്പെട്ട ഫേസ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്.
ഇതേതുടർന്ന് നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം. ഇതിനെതിരെ രൂക്ഷ വിമർശനവുമായി അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.