കേരളത്തിൽ പാൽ വിൽക്കാൻ നന്ദിനി; എതിർപ്പ് ശക്തമാക്കി മിൽമ
text_fieldsമലപ്പുറം: അതിർത്തി കടന്നുള്ള പാൽവിൽപനയെ ചൊല്ലി നന്ദിനി-മിൽമ തർക്കം രൂക്ഷമാവുന്നു. കർണാടക ബ്രാൻഡായ നന്ദിനി കേരളത്തിൽ പാൽവിൽപനക്ക് ഔട്ട്ലെറ്റുകൾ തുറക്കുന്നതിനെതിരെ മിൽമ എതിർപ്പ് ശക്തമാക്കി. കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും ഔട്ട്ലെറ്റുകൾ തുറന്ന നന്ദിനി, കൂടുതൽ ഇടങ്ങളിലേക്ക് പാൽവിൽപന വ്യാപിപ്പിക്കാൻ നീക്കമാരംഭിച്ചതോടെയാണിത്.
രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമനായ ഗുജറാത്ത് ബ്രാൻഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കർണാടകയിൽ രാഷ്ട്രീയ വിവാദമായി വളരുന്നതിനിടെയാണ് കേരളത്തിൽ, രണ്ട് സഹകരണ ഫെഡറേഷനുകൾ തമ്മിൽ കൊമ്പുകോർക്കുന്നത്. കർണാടക കോഓപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുൽപന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാൻഡിൽ വിൽക്കുന്നത്.
കേരളത്തിൽ പാൽ വിൽക്കാനുള്ള നന്ദിനിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മിൽമ രംഗത്തുവന്നു. സഹകരണ തത്ത്വങ്ങൾക്കും അടിസ്ഥാന മൂല്യങ്ങൾക്കും എതിരാണ് നന്ദിനിയുടെ നടപടിയെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി ‘മാധ്യമ’ത്തോട് പറഞ്ഞു. പാൽ ഒഴികെയുള്ള ഉൽപന്നങ്ങൾ കേരളത്തിൽ വിൽക്കുന്നതിന് മിൽമ എതിരല്ല. ക്ഷീരകർഷകർക്ക് ദോഷകരമായ നീക്കത്തിൽനിന്ന് നന്ദിനി പിന്മാറണമെന്നും മിൽമ ചെയർമാൻ ആവശ്യപ്പെട്ടു. പാലുൽപാദനം കുറവുള്ള സമയങ്ങളിൽ രണ്ട് ലക്ഷം ലിറ്റർ വരെ പാൽ നന്ദിനിയിൽനിന്ന് മിൽമ വാങ്ങുന്നുണ്ട്. സീസണിൽ നന്ദിനിയുടെ സഹായത്തോടെയാണ് മിൽമ പാൽ വിപണനം ഉറപ്പുവരുത്തുന്നത് എന്നിരിക്കെ, മിൽമയുടെ പ്രവർത്തനമേഖലയിലേക്ക് നന്ദിനി പ്രവേശിക്കുന്നത് പരസ്പരധാരണയുടെ ലംഘനമാണെന്നും മിൽമ ചെയർമാൻ ചൂണ്ടിക്കാട്ടുന്നു.
പ്രതിദിനം 81 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്ന നന്ദിനി, വിവിധ പേരുകളിലായി അറുപതിലധികം പാലുൽപന്നങ്ങൾ വിപണിയിലിറക്കുന്നുണ്ട്. ഫ്രാഞ്ചൈസികൾ വഴി കേരള വിപണിയിൽ ഇടപെട്ടു തുടങ്ങിയ നന്ദിനിക്ക് ഭാവിയിയിൽ നേരിട്ട് പാൽ വിപണനം നടത്താനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.