Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനിയും കനലുകൾ...

ഇനിയും കനലുകൾ ചവിട്ടിമെതിച്ചു നന്ദു വരും; ആയിരങ്ങളുടെ അതിജീവനത്തിലൂടെ... ​

text_fields
bookmark_border
Nandu Mahadeva
cancel

'പുകയരുത്, അവസാനം വരെയും കത്തിജ്വലിക്കണം' -അതിജീവനത്തിന്‍റെ സന്ദേശം ജീവിതത്തിലുടെ മലയാളികൾക്ക് പകർന്നുനൽകിയ നന്ദു മഹാദേവ എന്നും പറഞ്ഞിരുന്ന വാക്കുകൾ. അവസാന നിമിഷം വരെയും അത്​ പാലിച്ച ​​ശേഷമായിരുന്നു നന്ദുവിന്‍റെ മടക്കവും. കൊണ്ടുപോകാൻ പലവട്ടം അരികിലെത്തിയ മരണത്തെ 'ജീവിതം പൊരുതാനുള്ളതാണ്​' എന്ന്​ പറഞ്ഞ്​ മടക്കി അയച്ചിരുന്ന നന്ദു​ ഇത്തവണ പക്ഷേ, ഒപ്പം പോയി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 27ാം വയസ്സിൽ ആ ഹൃദയമിടിപ്പ്​ നില​ച്ചപ്പോൾ ആദ്യമായി (അവസാനമായും) നന്ദുവിനെ തോൽപ്പിക്കാൻ അർബുദത്തിനായി.

അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയായിരുന്നു നന്ദുവിന്‍റെ ജീവിതം. കാൻസറിനോടു പൊരുതാനാകാതിരുന്ന കുറേ ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും പോരാടുന്നവർക്ക് അതിനുള്ള ഊർജം പകരാനും നന്ദുവിന്‍റെ സാന്ത്വന സ്​പർശമുള്ള വാക്കുകൾക്ക്​ കഴിഞ്ഞിരുന്നു. സ്​നേഹത്തി​ന്‍റെയും പ്രതീക്ഷയുടെയും നനുത്ത വാക്കുകളാൽ നന്ദു ജീവിതത്തിലേക്ക്​ കൈപിടിച്ചു കയറ്റിയത്​ നിരവധി പേരെയാണ്​. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാൻസർ കാർന്നു തിന്നുമ്പോഴും നന്ദു ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. തങ്ങൾക്ക് പുതുജീവൻ പകർന്നു നൽകുന്ന നന്ദുവിന്‍റെ വാക്കുകളിലെ പോസിറ്റിവിറ്റി തേടി കാത്തിരുന്നവർ എത്രയെത്രയോ.

2017ൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ്​ തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദുവിന്‍റെ ഇടത്തേ കാൽമുട്ടിന്‍റെ മടക്കിൽ ശക്തമായ വേദനയുണ്ടാകുന്നത്. ഇടക്കിടെ അതേ സ്ഥലത്ത് വേദന വരുന്നതിനാൽ ഡോക്​ടറെ കാണിച്ചെങ്കിലും സാധാരണ നീർക്കെട്ട്​ ആയിരുന്നെന്നാണ്​ പറഞ്ഞത്​. അന്ന്​ ഡോക്​ടർ കൊടുത്ത മരുന്ന്​ കഴിച്ചപ്പോൾ താത്​കാലിക ആശ്വാസമുണ്ടായെങ്കിലും മാസങ്ങൾക്ക് ശേഷം ആ വേദന പൂർവ്വാധികം ശക്തിയിൽ തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ്​ കാൻസറാണെന്ന്​ തിരിച്ചറിയുന്നത്​. വീട്ടുകാരെല്ലാം കരഞ്ഞപ്പോഴും കാൻസറിനെ (നന്ദുവി​ന്‍റെ ഭാഷയിൽ പറഞ്ഞാൽ 'എന്നെ പ്രണയിക്കാനെത്തിയ വി.ഐ.പി കാമുകി') അവൻ ചിരിയോടെ സ്വീകരിച്ചു.

അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ആ ചിരി നന്ദു മാറ്റിയില്ല. ശരീരത്തിന്‍റെ പല അവയവങ്ങളിലേക്ക് കാൻസർ പടർന്നപ്പോഴും ഇനി മരുന്നുകൾ ഒന്നും തന്നെയില്ല എന്ന ഡോക്ടർമാർ പറഞ്ഞപ്പോഴും ചിരി തന്നെയായിരുന്നു അവന്‍റെ മരുന്ന്​. 2018 മേയ്​ ഒന്നിന്​ അർബുദം ബാധിച്ച കാൽ മുറിച്ചുമാറ്റിയപ്പോൾ സങ്കടപ്പെട്ടവരോട്​ 'എനിക്ക് ഈ ലോകം കാണാൻ കാല് വേണ്ട ജീവൻ മതി' എന്നായിരുന്നു നന്ദുവിന്‍റെ മറുപടി. ഇന്ന്​ വീണ്ടുമൊരു മേയിൽ നിത്യതയുടെ ലോക​ത്തേക്ക്​ അവൻ​ യാത്രയുമായി...

കാൻസർ ബാധിച്ചവരോട്​ മറ്റുള്ളവർ കാട്ടുന്ന സഹതാപമാണ്​ അവരെ മാനസികമായി തളർത്തുന്നതെന്നും അതിവേഗ മരണത്തിലേക്ക്​ നയിക്കുന്നതെന്നും നന്ദു എ​പ്പോളും പറയുമായിരുന്നു. അസുഖം ബാധിച്ച കുട്ടികളിൽ ബഹുഭൂരിഭാഗവും രക്ഷപ്പെടുന്നതിന്​ കാരണം അവർക്ക് ഇത്​ എന്താണെന്നോ അതിന്‍റെ ടെൻഷനോ അറിയില്ലാത്തത്​ കൊണ്ടാണെന്നും ഇതിന്​ ഉദാഹരണമായി നന്ദു ചൂണ്ടിക്കാട്ടിയിരുന്നു.

അവസാന ദിവസങ്ങളില്‍ അർബുദം നന്ദുവിന്‍റെ ശ്വാസകോശത്തെയും പിടിമുറുക്കി. ഏറ്റവും അവസാനം കാൻസറിന്‍റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ‍ഡോക്ടർമാർ വരെ ഞെട്ടിയെന്ന് നന്ദു ഫേസ്​ബുക്കിൽ കുറിച്ചു. കാരണം, ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് കാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ റജിസ്റ്റർ ചെയ്യപ്പെടുന്നതത്രേ. നിലവിൽ ഇതിന്​ മരുന്നില്ലെന്ന്​ ഡോക്​ടർമാർ പറഞ്ഞിട്ടും നന്ദു ഫേസ്​ബുക്കിൽ കുറിച്ചത്​ ഇതാണ്​-

'ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്‍റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ...ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും.'. അതെ നന്ദു, കാൻസറിനെ ആത്മവിശ്വാസം കൊണ്ട് പ്രതിരോധിച്ച്​ നിനക്ക്​ പിന്നിൽ അണിനിരത്തിയ ആയിരങ്ങളുടെ അതിജീവനത്തിലൂടെ കനലുകൾ ചവിട്ടുമെതിച്ചു നീ വരിക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nandu mahadeva
News Summary - Nandu Mahadeva-life of a cancer fighter
Next Story