അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയുള്ള നഞ്ചിയമ്മയുടെ പോരാട്ടം വിജയത്തിലേക്ക്
text_fieldsഅഡ്വ. ദിനേശും നഞ്ചിയമ്മയും - അട്ടപ്പാടി സുകുമാരനും നഞ്ചിയമ്മയും
കോഴിക്കോട് : മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ അവകാശം ഉന്നയിച്ചു കെ.വി. മാത്യു നൽകിയ കേസ് വെള്ളിയാഴ്ച കോടതി തള്ളി. അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. നഞ്ചിയമ്മയുടെ ഭർത്താവാണ് നഞ്ചൻ, ബന്ധുക്കളായ കുമരപ്പൻ, മരുതി എന്നിവർക്കും അട്ടപ്പാടി സംരക്ഷണ സമിതി കൺവീനർ എം. സുകുമാരനെതിരെയുമാണ് കെ.വി. മാത്യു പരാതി നൽകിയത്.
'മാധ്യമം' ഓൺലൈൻ വാർത്തയെ തുടർന്നാണ് നഞ്ചിയമ്മയുടെ ഭൂമി ഉൾപ്പെടെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി സംബന്ധിച്ച പരാതികൾ അന്വേഷിക്കണമെന്ന് നിയമസഭയിൽ കെ.കെ. രമ എം.എൽ.എ സബ് മിഷൻ അവതരിപ്പിച്ചത്. മന്ത്രി കെ. രാജൻ റവന്യൂ വിജിലൻസ് അസി. ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ തന്നെ പ്രഖ്യാപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഭൂമി തട്ടിയെടുത്തിന് പിന്നിൽ നടന്ന ഗൂഢാലോചന പുറത്തായത്.
അഗളി വില്ലേജിലെ മുൻ ഓഫീസർ ഉഷാകുമാരി കോടതിയിൽ നൽകിയ മൊഴി പ്രകാരം കെ.വി. മാത്യു ഹാജരാക്കിയ നികുതി രസീത് വില്ലേജിലേതല്ല. വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെക്കുന്നതിന് തെളിവാണ് ഈ കേസെന്ന് റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകി.
മാരിമുത്തു എന്ന ആദിവാസിയുടെ പേരിലാണ് കെ.വി. മാത്യു നികുതി രസീത് ഹാജരാക്കിയത്. മാരിമുത്തുവിൽ നിന്നാണ് ഭൂമി വാങ്ങിയതായി ആധാരവും ഉണ്ടാക്കി. 'മാധ്യമം' മാരിമുത്തുവിനെ കണ്ടെത്തി അഭിമുഖം നടത്തി അത് പുറത്തുവിട്ടു. മാരിമുത്തു വില്ലേജിലോ കോടതിയിലോ പോയിട്ടില്ലെന്ന് അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.
മാരിമുത്തു നൽകിയ അഭിമുഖ പ്രകാരം കെ.വി. മാത്യുവും നിരപ്പത്ത് ജോസഫ് കുര്യനും അഡ്വ. അച്യുതനും ചേർന്നാണ് വ്യാജരേഖ നിർമിക്കുന്നതിന് തീരുമാനിച്ചത്. മാരിമുത്തു ഇന്ന് ജിവിച്ചിരിപ്പില്ല. അതിന്റെ പ്രതിഫലമായി 50 സെന്റ് ഭൂമി ജോസഫ് കുര്യന് നൽകി. അദ്ദേഹത്തിന് തഹസിൽദാരും വില്ലേജ് ഓഫിസർ ചേർന്ന് കൈവശവകാശ സർട്ടിഫിക്കറ്റും നികുതി രസീതും നൽകി. ഈ രേഖകൾ ഉപയോഗിച്ചാണ് ജോസഫ് കുര്യൻ ഈ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതി വാങ്ങിയത്.
കോടതി ഉത്തരവ് വഴി തനിക്ക് ലഭിച്ച ഭൂമിയിൽ പ്രവേശിക്കുന്നതിന് അട്ടപ്പാടി സുകുമാരന്റെ നേതൃത്വത്തിൽ ആദിവാസികൾ തടഞ്ഞുവെന്നായിരുന്നു കെ.വി. മാത്യുവിന്റെ പരാതി. അതിനാൽ പൊലീസ് സംരക്ഷണ ലഭിക്കണമെന്ന് കെ വി. മാത്യു കോടതിയോട് ആവശ്യപ്പെട്ടു. 2013ൽ നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചൻ മരിച്ചു. പിന്നീട് നഞ്ചിയമ്മ ഈ കേസിൽ കക്ഷി ചേരുകയായിരുന്നു.
വ്യാജ നികുതി രസീത് ഉപയോഗിച്ച് കെ.വി. മാത്യു നഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുക്കാൻ വ്യാജ ആധാരമുണ്ടാക്കിയെന്നായിരുന്നു അഡ്വ. ദിനേശിന്റെ വാദം. കെ.വി. മാത്യു ഹാജരാക്കിയ നികുതി രശീത് വ്യാജമാണെന്നും അഗളി വില്ലേജിൽ നിന്ന് നൽകിയതല്ലെന്നും വില്ലേജ് ഓഫിസർ ഉഷാകുമാരി മൊഴി നൽകിയെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന് 'മാധ്യമം' ഓൺലൈൻ വാർത്തക്കെതിരെ ജോസഫ് കുര്യൻ രണ്ട് കേസ് നൽകി. പൊലീസിലും പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥർ പരാതി പരിശോധിക്കാതെ എഫ്.ഐ.ആർ എടുത്തു. 'മാധ്യമം' റിപ്പോർട്ടർക്കെതിരെ കേസ് എടുത്ത അഗളി പൊലീസ് ഉദ്യോസ്ഥർക്ക് ഭൂമാഫിയ സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു പാലക്കാട് എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്.
തുടർന്ന് പൊലീസ് ഉദ്യോസ്ഥരെ സ്ഥലംമാറ്റി. ഈ കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല അന്വേഷണം തുടരുകയാണ്. അതേസമയം, ജോസഫ് കുര്യൻ എട്ട് ലക്ഷം രൂപ നഷ്ടപരിഹരം ആവശ്യപ്പെട്ട് കോടതിയിലും 'മാധ്യമ'ത്തിനുമെതിരെ കേസ് നൽകിയിട്ടുണ്ട്.
നഞ്ചിയമ്മക്കു വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. ദിനേശ് മണ്ണാർക്കാട് ആണ്. അട്ടപ്പാടിയിൽ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്ന ഭൂമാഫിയകൾക്കുള്ള താക്കീതാണ് കോടതി ഉത്തരവെന്ന് അദ്ദേഹം 'മാധ്യമം' ഓൺ ലൈനോട് പറഞ്ഞു.
കെ.വി മാത്യുവിന്റെ ഹരജി തള്ളിയതിൽ സന്തോഷമുണ്ടെന്നും ഭൂമിയിൽ കൃഷി ചെയ്യണമെന്നാണ് ആഗ്രഹമെന്നും നഞ്ചിയമ്മ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു. ഏതാണ്ട് നാല് പതിറ്റാണ്ടായി അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്കുവേണ്ടി അട്ടപ്പാടിയിൽ പോരാട്ടം തുടങ്ങിയിട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.