നഞ്ചിയമ്മയുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് വിജയം
text_fieldsഭൂമിക്കുവേണ്ടി പൊരോട്ടം നടത്തിയ നഞ്ചിയമ്മയും അട്ടപ്പാടി സുകുമാരനും
കോഴിക്കോട്: അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മക്ക് ആദ്യ വിജയം. വ്യാജ നികുതി രസീത് ഹാജരാക്കി ഭൂമി തട്ടിയെടുത്ത കല്ലുവേലിൽ കെ.വി. മാത്യുവിന് ഭൂമിയിന്മേൽ ഉടമസ്ഥതയും കൈവശാവകാശവും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കെ.വി. മാത്യു നൽകിയ ഹരജി അഗളി മുൻസിഫ് കോടതി മജിസ്‌ട്രേറ്റ് വി. ശ്രീജയൻ തള്ളി.
ഈ കേസിൽ ഭൂമിയുടെ ഉടമസ്ഥതയാണ് പ്രധാന തർക്കവിഷയമായത്. സർവേ കമീഷൻ പരിശോധന നടത്തണമെന്ന് നഞ്ചിയമ്മ അടക്കമുള്ളവർ രേഖാമൂലം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കെ.വി. മാത്യു അതിനുള്ള നടപടി സ്വീകരിച്ചില്ല. അത് സ്വീകരിച്ചുവെങ്കിൽ വില്ലേജ് രേഖകൾ പരിശോധിച്ച് സർവേ കമീഷൻ കോടതിക്ക് റിപ്പോർട്ട് നൽകുമായിരുന്നു. അതുണ്ടായില്ല.
കൈവശമുള്ള ഭൂമി ഏതെന്ന് വ്യക്തമാക്കാനും അതിന്റെ ഭൗതിക അതിരുകൾ ചൂണ്ടിക്കാട്ടാനും അത് സമീപത്തെ വസ്തുവകകളിൽ നിന്ന് തിരിച്ചറിയാനും തെളിയിക്കാനും കെ.വി. മാത്യുവിന് കഴിഞ്ഞില്ല. അതിനാൽ, ഭൂമിയുടെ ആധാരം തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. ഭൂമി നാല് നിശ്ചിത അതിരുകൾക്കുള്ളിൽ കിടക്കുന്നുവെന്നും അത് അടുത്തുള്ള വസ്തുവകകളിൽ നിന്ന് തിരിച്ചറിയാൻ കഴിയുമെന്നും തെളിയിക്കാൻ മാത്യുവിന് കഴിഞ്ഞിട്ടില്ല. ഫലത്തിൽ മാത്യുവിന്റെ ആധാരത്തിലെ ഭൂമി എവിടെയെന്ന് കോടതിയിൽ വ്യക്തമാക്കിയില്ല.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ അഗളി വില്ലേജിലെ 4.80 ഏക്കർ ഭൂമിയിൽ 1.40 ഏക്കർ ഭൂമിയാണ് മാത്യു വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തത്. ഈ ഭൂമിയിൽ പ്രവേശിക്കുന്നത് അട്ടപ്പാടി സുകുമാരൻ അടക്കമുള്ള ആളുകൾ തടഞ്ഞുവെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് മാത്യു കോടതിയെ സമീപിച്ചത്. നഞ്ചിയമ്മ അടക്കമുള്ളവർ ഈ ഭൂമിയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
തർക്കഭൂമിയുടെ അതിരുകൾ കണ്ടെത്തുന്നതിന് സർവേ കമീഷനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് നഞ്ചിയമ്മയുടെ അഭിഭാഷകൻ വാദിച്ചു. അത് മാത്യു അനുവദിച്ചില്ല. സർവേ കമീഷനെ നിയോഗിച്ചതുമില്ല. അതിനാൽ, കമീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്യുവിന്റെ ഭൂമി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. അതുപോലെ മാത്യുവിന്റെ കൈവശമുള്ള ഭൂമി ഏതെന്ന് വ്യക്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഏതു ഭൂമിക്കും ഭൗതികമായ അതിരുകൾ ഉണ്ടാവും. അതിന് സ്കെച്ചും പ്ലാനും ഉണ്ടാകും. ഇത് വ്യക്തമായി തെളിയിക്കാൻ ഉടമസ്ഥന് കഴിയും. മാത്യുവിന് സ്വന്തമെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ അതിര് വ്യക്തമാക്കാൻ കഴിഞ്ഞില്ല. അതേസമയം, നഞ്ചിയമ്മയുടെ ഭൂമി കന്തസ്വാമി ബോയന് കൈമാറിയതിന് രേഖയുണ്ട്. തുടർന്ന് 1975 ലെ ആദിവാസി ഭൂമി നിയമപ്രകാരം കേസ് എടുത്ത് ഒറ്റപ്പാലം സബ് കലക്ടർ വിചാരണ നടത്തി. നഞ്ചിയമ്മയുടെ കുടുംബത്തിന് ഭൂമി തിരിച്ച് നൽകാൻ 1995ൽ ആർ.ഡി.ഒ ഉത്തരവിട്ടു.
അതിനുശേഷം നഞ്ചിയമ്മയും കുടുംബവും ഈ ഭൂമിയിൽ കൃഷി ചെയ്ത് ജീവിച്ചിരുന്നതിന് തെളിവുണ്ട്. ഭൂമി നഞ്ചിയമ്മയുടെ കുടുംബത്തിന്റെ കൈവശമായിരുന്നു എന്നതിന് തെളിവുകൾ നിരത്താൻ അഭിഭാഷകന് കഴിഞ്ഞു. ഈ ഭൂമിയിൽ 1.40 ഏക്കറിന് മാരിമുത്തുവുമായി കെ.വി. മാത്യു 2009 ഏപ്രിൽ 12ന് വിൽപന കരാറിൽ ഒപ്പിട്ടു. കരാർ പാലിക്കാത്തതിനാൽ ഒറ്റപ്പാലം സബ് കോടതിയിൽ ഹരജി നൽകി. മാരിമുത്തു കോടതിയിൽ ഹാജരായില്ല. 2010 ഫെബ്രുവരി 27ന് കോടതി മാത്യുവിന് അനുകൂല ഉത്തരവ് ലഭിച്ചു.
കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് മാത്യു ഭൂമിക്ക് ആധാരം നിർമിച്ചത്. പിന്നീട് ഇതിൽനിന്ന് 50 സെന്റ് ഭൂമി നിരപ്പത്ത് ജോസഫ് കുര്യന് കൈമാറിയിരുന്നു. അട്ടപ്പാടി സംരക്ഷണ സമിതി കൺവീനർ എം. സുകുമാരൻ, അഗളി, പരേതനായ നക്കുപ്പതി പിരിവിൽ നഞ്ചപ്പൻ , കുമരപ്പൻ, മരുതി, നഞ്ചി, ശ്യാംകുമാർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. കെ.വി.മാത്യുവിന് വേണ്ടി അഡ്വ.എൻ. മധുസൂദനനും നഞ്ചിയമ്മക്ക് വേണ്ടി എം.പി. ദിനേശും ഹാജരായി.

മാധ്യമം ഓൺലൈനെതിരെ എട്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാര കേസ്
നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയത് അച്യുതൻ, കെ.വി. മാത്യു, ജോസഫ് കുര്യൻ എന്നിവർ ചേർന്നാണെന്ന് ആദിവാസിയായ മാരി മുത്തു മാധ്യമം ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മാരിമുത്തുവിന്റെ പേരിൽ വ്യാജ നികുതി രസീത് നിർമിച്ച് ഭൂമി തട്ടിയെടുത്തതാണെന്ന് വാർത്ത പുറത്തുവന്നു കൊണ്ടുവന്നതിന്റെ പേരിൽ ജോസഫ് കുര്യൻ മാധ്യമത്തിനെതിരെ എട്ടു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിൽ കേസ് നൽകി.
കെ.വി. മാത്യു 1.40 ഏക്കർ ഭൂമിക്ക് വ്യാജ ആധാരം നിർമിക്കുമ്പോൾ അതിൽ സാക്ഷിയായിരുന്നു ജോസഫ് കുര്യൻ. പിന്നീട് ജോസഫ് കുര്യന് 50 സെൻറ് ഭൂമി ഇതിൽനിന്ന് കൈമാറ്റം നടത്തി. ജോസഫ് കുര്യൻ അതിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എല്ലാ വകുപ്പുകളിൽ നിന്നും അനുമതിയും വാങ്ങി. പെട്രോൾ പമ്പിന്റെ നിർമാണത്തിനായി ഭൂമിയിൽ പ്രവേശിച്ചപ്പോഴാണ് മാധ്യമം വാർത്ത നൽകിയത്.
മാധ്യമം ഓൺലൈനിൽ നൽകിയ വാർത്തകളും മാധ്യമം ആഴ്ചപ്പതിപ്പിലെ കവർസ്റ്റോറിയുമാണ് നഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ട വിവരം കേരളത്തെ അറിയിച്ചത്. 1999ലെ ആദിവാസി ഭൂമി നിയമപ്രകാരം നാമമാത്ര കർഷകന് അഞ്ചേക്കർ കൃഷി ഭൂമി കൈവശം വെക്കാൻ അനുവദിക്കുന്നുണ്ട്. കന്തസ്വാമി ബോയൻ അട്ടപ്പാടിയിലെ ജന്മിയായിരുന്നു. നാമമാത്ര കർഷകൻ അല്ല. അതിനാൽ 1975ലെ നിയമപ്രകാരം നഞ്ചിയമ്മക്ക് ഭൂമി മടക്കി നൽകേണ്ടത് ഒറ്റപ്പാലം സബ് കളക്ടറുടെയും പാലക്കാട് കളക്ടറുടെയും നിയമപരമായ ഉത്തരവാദിത്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.