നഞ്ചിയമ്മയുടെ ഭൂമി: തഹസിൽദാർ ഭൂമി തട്ടിയെടുത്തവരെ സഹായിക്കാൻ നിർദേശം നൽകിയെന്ന് പരാതി
text_fieldsകോഴിക്കോട് : വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറിയതിൽ ടി.എൽ.എ കേസ് നിലനിൽക്കുന്ന ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ് നൽകാനുള്ള അട്ടപ്പാടി ട്രൈബൽ താലൂക്ക് തസഹിൽദാരുടെ നിർദേശം വിവാദത്തിൽ. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകി. കലക്ടറുടെ നിർദേശത്തിനും മേലേ തഹസിൽദാർ ഇടപെടൽ നടത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. അഗളി വില്ലേജ് ഓഫിസർ നേരത്തെ റദ്ദ് ചെയ്ത കൈവശ സർട്ടിഫിക്കറ്റ് തഹസിൽദാരുടെ നിർദേശത്തെ തുടർന്ന് ജോസഫ് കുര്യന് ഡിസംബർ 16 ന് വീണ്ടും നൽകി.
ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈയേറിയ കേസിലാണ് കലക്ടറെയും മറികടന്ന് അട്ടപ്പാടി തഹസിൽദാർ അഗളി വില്ലേജ് ഓഫിസർക്ക് കത്തിലൂടെ നിർദേശം നൽകിയത്. പാലക്കാട് കലക്ടർ അഗളി വില്ലേജ് ഓഫിസർക്ക് ഓഗസ്റ്റ് 23ന് നൽകിയ കത്ത് പ്രകാരമാണ് വില്ലേജ് ഓഫിസർ സർവേ നമ്പർ 1167/ 1 ൽ ഉൾപ്പെട്ട നെല്ലിപ്പതി നിരപ്പത്ത് ജോസഫ് കുര്യന്റെ 50 സെന്റ് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തത്. കലക്ടർ നൽകിയ കത്ത് പ്രകാരം വ്യാജ നികുതി രസീത് ഉപയോഗിച്ചാണ് ഭൂമി കൈക്കലാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു. അതിനാലാണ് വില്ലേജ് ഓഫിസർ നേരത്തെ നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് റദ്ദ് ചെയ്തത്.
അതേസമയം, തഹസിൽദാർ പഴയ ചില ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് വീണ്ടും കൈവശ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകിയത്. ഭാരത് പെട്രോളിയം കോർപറേഷന്റെ സംഭരണ ടാങ്ക് സ്ഥാപിക്കുന്നതിനായി 2022 ജൂലൈ ഏഴിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് നിരാക്ഷേപ പത്രം ലഭിച്ചതിനാൽ കൈവശ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് തഹസിൽദാരുടെ കത്തിലെ ഒന്നാമത്തെ വാദം. ഈ സ്ഥലത്തിന് 2020 ഫെബ്രുവരി 28ന് ഒറ്റപ്പാലം സബ് കലക്ടർ ജോസഫ് കുര്യന് അനുകൂലമായി ഉത്തരവ് നൽകിയെന്നതാണ് രണ്ടാമത്തെ വാദം.
ഈ ഉത്തരവ് പ്രകാരം ജോസഫ് കുര്യന്റെ പേരിൽ ഭൂനികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയെന്നതാണ് മൂന്നാമത് ചൂണ്ടിക്കാണിച്ചത്. അതിനാൽ കലക്ടറുടെ മുന്നിൽ അപ്പീൽ നിലവിലുണ്ടെന്ന വിവരം രേഖപ്പെടുത്തി ജോസഫ് കുര്യന്റെ ഉടമസ്ഥതയിലും കൈവശത്തിലുള്ള അഗളി വില്ലേജിലെ 50 സെന്റ് ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് തഹസിൽദാർക്ക് വേണ്ടി ജയകുമാർ വില്ലേജ് ഓഫിസർക്ക് കത്ത് നൽകി. കലക്ടറുടെ നേതൃത്വത്തിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ ജോസഫ് കുര്യൻ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷിന്മേൽ തീരുമാനമെടുത്തതായി തഹസിൽദാർ രേഖപ്പെടുത്തിയിട്ടില്ല.
ഈ ഭൂമി സംബന്ധിച്ച് അപ്പീൽ കേസ് പാലക്കാട് കലക്ടറുടെ മുന്നിൽ വിചാരണ നടക്കവേ വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തയാൾക്ക് അനുകുലമായി തഹസിൽദാർ നിർദേശം നൽകിയത് അന്വേഷിക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. നഞ്ചിയമ്മയുടെ ഭൂമി അടക്കമുള്ള അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് നിയമസഭയിൽ മന്ത്രി കെ.രാജൻ നിൽകിയ മറുപടി പ്രകാരം അസി. ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്നായിരുന്നു.
റവന്യൂ വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫിസിൽ ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് തഹസിൽദാർ ആദിവാസി ഭൂമി തട്ടിയെടുക്കുന്നവരെ സഹായിക്കാൻ നിർദേശം നൽകിയത്. വില്ലേജ് ഓഫിസർ കൈവശ സർട്ടിഫിക്കറ്റ് റദ്ദുചെയ്തതിന് ശേഷം പുതിയ ഉത്തരവുകളൊന്നും ലഭിച്ചതായി തഹസിൽദാരുടെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. അതിനാൽ തഹസിൽദാർ നടത്തിയ നീക്കം നിയമവിരുദ്ധമെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.