നഞ്ചിയമ്മയുടെ ഭൂമി: വ്യാജരേഖയുടെ ചുരുളഴിച്ച് മാരിമുത്തുവിന്റെ വെളിപ്പെടുത്തൽ
text_fieldsകോഴിക്കോട്: ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുക്കാൻ നിർമിച്ച വ്യാജരേഖയുടെ ചുരുളഴിച്ച് മാരിമുത്തുവിന്റെ വെളിപ്പെടുത്തൽ. നിലമ്പൂരിലെ പൊട്ടിക്കല്ലിൽ താമസിക്കുന്ന മാരിമുത്തുവിനെ നേരിൽ കണ്ടപ്പോഴാണ് 2009 ൽ ഭൂമാഫിയ സംഘം നടത്തിയ തട്ടിപ്പിന്റെ കഥ മാധ്യമം ഓൺലൈനോട് പറഞ്ഞത്.
മാരിമുത്തുവിന്റെ പേരിൽ അഗളി വില്ലേജ് ഓഫീസിലെ നികുതി രസീത് ഹാജരാക്കിയാണ് കല്ലുമ്മേൽ കെ.വി മാത്യു കോടതി ഉത്തരവ് വഴി നഞ്ചിയമ്മയുടെ കുടുംബ ഭൂമി 1.40 ഏക്കറിന് ആധാരം തയാറാക്കിയത്. ആ നികുതി രസീത് വ്യാജമാണെന്നാണ് മാരിമുത്തു വ്യക്തമാക്കിയത്. മാരിമുത്തു അഗളി വില്ലേജ് ഓഫീസിൽ പോയിട്ടില്ല, കന്തസ്വാമിയുടെ പേരിലുണ്ടായിരുന്ന ഭൂമിക്ക് നികുതി അടച്ചിട്ടില്ല, നികുതി രസീത് വാങ്ങിയിട്ടുമില്ല.
1975 ൽ നിയമസഭ പാസാക്കിയ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നിയമപ്രകാരം 1995 ൽ ഒറ്റപ്പാലം ആർ.ഡി.ഒ. നഞ്ചിയമ്മയുടെ ഭർത്താവിന്റെ അച്ഛൻ നാഗമൂപ്പന് അനുകൂലമായി ഉത്തരവിട്ടിരുന്നു. നാഗമൂപ്പന്റെ ഭൂമി അഗളിയിലെ ജന്മിയായ കന്തസ്വാമി തട്ടിയെടുത്തുവെന്നായിരുന്നു പരാതി. എന്നാൽ 1999ൽ നിയമസഭ നിയമം ഭേഗതി ചെയ്തതോടെ ഈ ഭൂമി വീണ്ടും ടി.എൽ.എ കേസിലായി.
ഈ അവസരം ഉപയോഗപ്പെടുത്തിയാണ് അഡ്വ. അച്യുതനും മാത്യുവും അടക്കമുള്ള ഭൂമാഫിയ സംഘം മാരിമുത്തുവിനെ സമീപിച്ചത്. പാലക്കാട് നടന്ന സി.പി.ഐ സമ്മേളനത്തിന് എത്തിയപ്പോഴാണ് മാരിമുത്തുവിനോട് ഭൂമികൈമാറ്റം ചർച്ച ചെയ്തത്. പിന്നീട് ഭൂമി വിലക്ക് വാങ്ങിയ ജോസഫ് കുര്യനെയും മാരിമുത്തു അവിടെവെച്ചാണ് കാണുന്നത്.
അഡ്വ. അച്യുതനാണ് 2009ൽ കെ.വി. മാത്യുവിന് വേണ്ടി കരാർ തയാറാക്കിയത്. ഭൂമി മാരിമുത്തുവിന്റെ കൈവശമാണെന്നും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും രേഖപ്പെടുത്തിയാണ് കരാർ തയാറാക്കിയത്. കരാർ പ്രകാരം മാരിമുത്തു ഭൂമിയുടെ ആധാരം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാത്യു പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് ആധാരം രജിസ്റ്റർ ചെയ്തത്. ഇക്കാലത്ത് 5,000, 10,000 രൂപ വീതം പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ മാരിമുത്തുവിന് നൽകി. അഞ്ചു കോടിയധികം വില വരുന്ന ഭൂമിക്കാണ് അഞ്ചു ലക്ഷത്തോളം രൂപ നൽകി ഭൂമി തട്ടിയെടുത്തതെന്ന് മാരിമുത്തു പറഞ്ഞു. ഭൂമി സ്വന്തമാക്കിയശേഷം മാത്യു അതിൽ നിന്ന് 50 സെന്റ് ജോസഫ് കുര്യനും നൽകി.
ഭൂമാഫിയ സംഘത്തിന്റെ ആകെയുള്ള പിടിവള്ളിയായിരുന്നു മാരിമുത്തുവിന്റെ പേരിലുള്ള നികുതി രസീത്. അത് വ്യാജമാണെന്ന് വ്യക്തമായതോടെ തട്ടിപ്പ് പകൽപോലെ വ്യക്തമായി. ഈ ഭൂമിക്കൊപ്പം മറ്റൊരു 49 സെന്റ് കൂടി മാഫിയ തട്ടിയെടുത്തു എന്നാണ് മാരിമുത്തു പറയുന്നത്. ആ ഭൂമിക്ക് ഏതാണ്ട് അരക്കോടിയോളം വിലയുണ്ടായിരുന്നു. പലപ്പോഴായി രണ്ടര ലക്ഷം രൂപ അതിനും മാരിമുത്തു നൽകി.
നഞ്ചിയമ്മയുടെ കുടുംബഭൂമിയാണെങ്കിൽ അതവർക്ക് മടക്കി കൊടുക്കണം എന്നാണ് പാലക്കാട് കലക്ടർ ഈ മാസം 13ന് നടത്തിയ ഹിയറിങ്ങിൽ മാരിമുത്തു പറഞ്ഞത്. അട്ടപ്പാടിയിൽ ഭൂമാഫിയ നടത്തുന്ന ആദിവാസി ഭൂമി തട്ടിപ്പിലെ ഒരുകഥാപാത്രം മാത്രമാണ് മാരുമുത്തു. അട്ടപ്പാടിയിലെ വ്യാജരേഖകളുടെ ഉറവിടങ്ങളിലേക്ക് വെളിച്ചം വീശുകയാണ് മാരിമുത്തുവിന്റെ തുറന്ന് പറച്ചിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.