നഞ്ചിയമ്മയുടെ ഭൂമി: മാരിമുത്തുവിന് വിൽക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചില്ല
text_fieldsകോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബഭൂമി മാരിമുത്തുവിന് വിൽക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചില്ലെന്ന് റിപ്പോർട്ട്. മധ്യമേഖല റവന്യൂ വിജിലൻസ് റിപ്പോർട്ടിൽ മാരിമുത്തു ആദിവാസിയായ രാമിയുടെ മകനാണെന്ന് ചൂണ്ടിക്കാണിച്ചു. 1999ലെ നിയമപ്രകാരം 1986 ജനുവരി 24ന് ശേഷം ആദിവാസി ഭൂമി കൈമാറ്റം ചെയ്യാൻ കഴിയില്ല.
മാരിമുത്തു ആദിവാസിയായതിനാൽ കൈമാറ്റം അസാധുവാണ്. എന്നിട്ടും തഹസീൽദാർ മുതൽ സബ് കലക്ടർ വരെയുള്ള ഉദ്യോഗസ്ഥന്മാർ ഭൂമി വ്യാജരേഖ നിർമിച്ച് തട്ടിയെടുത്തവർക്ക് അനുകൂലമായി ഉത്തരവുകൾ നൽകി. ഒറ്റപ്പാലം സബ് കലക്ടർ നൽകിയ ഉത്തരവിൽ വ്യാജരേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയ കെ.വി. മാത്യുവിനും ജോസഫ് കുര്യനും ഭൂമിയിൽ അവകാശമുണ്ട്.
ഭൂമിക്ക് മാരിമുത്തുവിന്റെ പേരിൽ ആധാരമുണ്ടോയെന്ന് ആദ്യം ചോദിച്ചത് മുൻ പാലക്കാട് കലക്ടർ മൃൺമയി ജോഷിയാണ്. മറ്റ് ഉദ്യോഗസ്ഥരാരും ഇക്കാര്യം അന്വേഷിച്ചിട്ടില്ലെന്ന് റിപ്പോർട്ടിലെ അനുബന്ധം വ്യക്തമാക്കുന്നു. രേഖകൾ പരിശോധിക്കേണ്ട അഗളി സബ് രജിസ്ട്രാർ, വില്ലേജ് ഓഫിസർ, തഹസിൽദാർ, ടി.എൽ.എ കേസിൽ വിചാരണ നടത്തിയ ഒറ്റപ്പാലം സബ് കലക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ ആരും ഇക്കാര്യം പരിശോധിച്ചില്ല. ഭൂമി വിൽപ്പന നടത്താൻ കരാർ എഴുതിയ മാരിമുത്തു ആദിവാസിയാണെന്ന കാര്യവും ഉദ്യോഗസ്ഥർ മറച്ചുവെച്ചു.
മുത്തുവിന്റെ അമ്മ രാമി എന്ന ആദിവാസി സ്ത്രീയാണ്. മാരിമുത്തുവിന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ ആദിവാസി എന്നാണ് രേഖപ്പെടുത്തിയത്. കന്തസാമിക്ക് ആദിവാസി സ്ത്രീയിൽ ജനിച്ച മകനാണ് മാരിമുത്തുവെന്നാണ് കലക്ടർ ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.
അഗളി വില്ലേജ് ഓഫിസിലെ നാൾവഴി രജിസ്റ്ററിൽ മാരിമുത്തു നികുതിയടച്ചിട്ടില്ലെന്ന വില്ലേജ് ഓഫിസർ ഉഷാകുമാരി നൽകിയ മൊഴിയും ഉദ്യോഗസ്ഥർ പരിഗണിച്ചിട്ടില്ല. റവന്യൂ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഉഷാകുമാരിയുടെ മൊഴിയും തെളിവായി കണ്ടെത്തി. ഈ റിപ്പോർട്ടോടെ ഭൂമി സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവന്നിരിക്കുന്നു. വ്യാജ രേഖയുടെ അടിത്തറയിലാണ് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വ്യാജരേഖ നിർമിച്ചവരുടെ പേരിൽ ക്രിമിനൽ കേസ് എടുക്കേണ്ടത് കലക്ടറാണ്. ഈ ഭൂമാഫിയ സംഘം മറ്റ് എത്ര സ്ഥലങ്ങളിൽ വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തു എന്നതും അന്വേഷിക്കേണ്ടതാണ്. സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ അസംബന്ധ നാടകത്തിന്റെ തെളിവുകളാണ് റവന്യൂ വിജിലൻസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. അട്ടപ്പാടിയിൽ ആദിവാസികൾ നൽകുന്ന പരാതികളിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.