നഞ്ചിയമ്മയുടെ ഭൂമി: റവന്യൂ വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് കലക്ടർ; വൈകുന്നതിൽ ദുരൂഹത
text_fieldsകോഴിക്കോട്: ദേശീയ അവാർഡ് ജേതാവ് അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കേസിൽ റവന്യൂ വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് കലക്ടറുടെ കാര്യാലയം. കേസിന്റെ വിചാരണയിൽ നിർണായകമായ റിപ്പോർട്ടാണ് റവന്യൂ വിജിലൻസ് കലക്ടർക്ക് കൈമാറാതിരിക്കുന്നത്. ഈ വർഷം ജനുവരി 28ന് ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഏതാണ്ട് നാല് മാസം കഴിഞ്ഞിട്ടും കലക്ടർക്ക് റിപ്പോർട്ട് ലഭിച്ചില്ല. ആ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അന്വേഷിച്ചപ്പോഴാണ് 'മാധ്യമം' ഓൺലൈനിന് കലക്ടറുടെ കാര്യാലയം മറുപടി നൽകിയത്.
ഭൂമി കൈമാറ്റം നടത്തിയത് നിയമാനുസൃതം അല്ലെങ്കിൽ സർക്കാർ കക്ഷി ചേർന്ന് നടപടികൾ റദ്ദ് ചെയ്യണമെന്ന് റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ഭൂമി കൈമാറ്റം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ പാലക്കാട് കലക്ടർ സ്വീകരിക്കണമെന്നാണ് ശിപാർശ നൽകിയത്. കല്ലുവേലിൽ കെ.വി മാത്യുവിന് ഭൂമി കൈമാറിയ എല്ലാ നടപടിക്രമങ്ങളും പുനഃപരിശോധിക്കണമെന്നായിരുന്നു ശിപാർശ.
അതേസയം, റവന്യൂ വിജിലൻസിന്റെ റിപ്പോർട്ട് കാണാതെ കേസിൽ വിചാരണ നടത്തിയ പാലക്കാട് കലക്ടർ, ഒറ്റപ്പാലം ആർ.ടി.ഒയുടെ മുൻ ഉത്തരവ് റദ്ദ് ചെയ്തിരുന്നു. നഞ്ചിയമ്മയുടെ കുടുംബഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കിയവർക്ക് അനുകൂലമായിട്ടായിരുന്നു ആർ.ഡി.ഒ ഉത്തരവ്. അതിന്റെ പിൻബലത്തിലാണ് ഭൂമിക്ക് വില്ലേജിൽ നികുതി അടച്ചത്. ഈ ടി.എൽ.എ കേസിൽ വീണ്ടും വിചാരണ നടത്താൻ സബ് കലക്ടറെ ചുമതലപ്പെടുത്തിയാണ് കലക്ടർ പുതിയ ഉത്തരവിട്ടത്. പാലക്കാട് മുൻ കലക്ടർ മൃൺമയി ജോഷി ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലും കെ.വി മാത്യുവിന് ഭൂമി കൈമാറിയത് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റവന്യൂ വിജിലൻസ് റിപ്പോർട്ട് കലക്ടർക്ക് ലഭിച്ചിരുന്നെങ്കിൽ കുറേക്കൂടി സുതാര്യമായ തീരുമാനം ഇക്കാര്യത്തിൽ ഉണ്ടാകുമായിരുന്നു. 'മാധ്യമം' ഓൺ ലൈൻ വാർത്തയെ തുടർന്നാണ് ഭൂമി അന്യാധീനപ്പെട്ട വിഷയം കെ.കെ രമ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചത്. മന്ത്രി കെ. രാജൻ അന്വേഷണത്തിനും നിർദേശം നൽകി. റവന്യൂ വിജിലൻസ് ലാൻഡ് റവന്യൂ കമീഷണർക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും റിപ്പോർട്ട് നൽകി. എന്നാൽ, കേസിൽ വിചാരണ നടത്തുന്ന പാലക്കാട് കലക്ടർക്ക് റിപ്പോർട്ട് നൽകാത്തതിൽ ദുരൂഹതയുണ്ടെന്ന് നഞ്ചിയമ്മ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.