നഞ്ചിയമ്മയുടെ ഭൂമി: റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് ആര്?
text_fieldsകോഴിക്കോട്: മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് റവന്യൂ രേഖകൾ. നിയമസഭയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് റവന്യൂ മന്ത്രി രേഖാമൂലം 2021 നവംമ്പർ ഒന്നിന് നൽകിയ മറുപടി പ്രകാരം, നഞ്ചിയമ്മയുടെ കുടുംബഭൂമി സംബന്ധിച്ച് ഭൂമിയുടെ അവകാശികളായ ആദിവാസികൾ സമർപ്പിച്ച അപ്പീൽ ഹരജിയിന്മേൽ നടപടി തുടരുകയാണ്.
എന്നാൽ, ഈ ഭൂമി സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥർ ചില കാര്യങ്ങൾ മറച്ചുവെച്ചാണ് മന്ത്രിക്ക് മറുപടി നൽകിയത്. ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച ജോസഫ് കുര്യന് ഈ ഭൂമിയിൽ പെട്രോൾ പമ്പ് നടത്തുന്നതിന് അനുകൂലമായി മണ്ണാർക്കാട് തഹസിൽദാർ, പാലക്കാട് ജില്ല പൊലീസ് മേധാവി, റീജ്യനൽ ഓഫിസർ, പാലക്കാട് ഫയർ ആൻഡ് റസ്ക്യൂ സർവിസസ്, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ റിപ്പോർട്ട് നൽകിയെന്ന കാര്യം നിയമസഭയെ അറിയിച്ചില്ല.
ഭൂമി സംബന്ധിച്ച ടി.എൽ.എ കേസിൽ ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവ് പ്രകാരം 1.40 ഏക്കർ ഭൂമി ലഭിച്ചത് കന്തൻബോയന്റെ അവകാശികൾക്കാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, രേഖകൾ പ്രകാരം ഇതേ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് ജോസഫ് കുര്യന് ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് റീജ്യനൽ ഓഫിസർ 2019 ഡിസംബർ 15ന് റിപ്പോർട്ട് നൽകി. സബ് കലക്ടറുടെ ഉത്തരവിന് ഏകദേശം രണ്ടരമാസം മുമ്പാണിത്. ജില്ല പൊലീസ് മേധാവി 2020 ഫെബ്രുവരി രണ്ടിനാണ് റിപ്പോർട്ട് നൽകിയത്. സബ് കലക്ടറുടെ ഉത്തരവിന് ഏതാണ്ട് 26 ദിവസം മുമ്പ്.
സബ് കലക്ടറുടെ ഉത്തരവ് ലഭിച്ച് 12ാം ദിവസം മണ്ണാർക്കാട് തഹസിൽദാർ (2020 മാർച്ച് 12ന്) പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. ഒറ്റപ്പാലം സബ് കലക്ടർ ജോസഫിന് അനുകൂലമായി ഉത്തരവായതിന്റെ പകർപ്പ് സഹിതം റിപ്പോർട്ട് നൽകിയെന്നാണ് രേഖ.
അഗളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറി 2021 ഒക്ടോബർ ഒന്നിന് റിപ്പോർട്ട് നൽകിയപ്പോൾ ടി.എൽ.എ കേസിൽ അപ്പീലുള്ള സ്ഥലമാണെന്ന് രേഖപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം സർക്കാർ നിർദേശം അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരാക്ഷേപ പത്രം അനുവദിക്കാൻ ആദ്യം ശിപാർശ ചെയ്തില്ല.
ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽനിന്ന് 2021 ആഗസ്റ്റ് അഞ്ചിന് ഉത്തരവ് സമ്പാദിച്ചു. തുടർന്ന് 2021 ഒക്ടോബർ ഏഴിന് കത്ത് നൽകി. 2021 നവംമ്പർ 10ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2026 നവംബർ ഒമ്പത് വരെയുള്ള അനുമതി പത്രമാണ് നൽകിയത്. ഇത്രയും അനുമതി പത്രങ്ങളുടെ, റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് അഡീഷനൽ ജില്ല മജിസ്ട്രേറ്റിൽ നിന്ന് 2022 ജൂലൈ ഏഴിന് ഉത്തരവ് നേടിയത്.
പെട്രോൾ പമ്പിന് നിലം ഒരുക്കാൻ തയാറെടുക്കുമ്പോഴാണ് ജൂലൈ 22ന് നഞ്ചിയമ്മക്ക് ദേശീയ അവാർഡ് ലഭിച്ചത്. അവാർഡിന്റെ തിളക്കത്തിൽ രാജ്യം അവരെ അഭിനന്ദിക്കുന്നതിനിടയിൽ അവരുടെ ഭൂമി കൈയേറിയെന്ന വാർത്ത വലിയ വിവാദത്തിന് വഴിതെളിച്ചു. 'മാധ്യമം ഓൺലൈൻ' ആണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.
ടി.എൽ.എ കേസിലെ അപ്പീൽ നിലനിൽക്കവേ എങ്ങനെയാണ് എല്ലാ ഓഫിസുകളിൽനിന്നും അനുമതിപത്രം ലഭിച്ചതെന്നത് ആശ്ചര്യകരമാണ്. നിയമസഭയിൽനിന്ന് ഇതെല്ലാം മറച്ചുപിടിക്കാനും റവന്യു ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.