അഷ്റഫ് വട്ടപ്പാറക്ക് ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം; സ്വാന്തന സാജുവിനും അവാർഡ്
text_fieldsതിരുവനന്തപുരം: കാണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ -സാംസ്കാരിക-സേവന പ്രസ്ഥാനമായ ‘നന്മ കരിച്ചാറ’യുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ചീഫ് സബ് എഡിറ്ററുമായ അഷ്റഫ് വട്ടപ്പാറ അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്ക് നൽകുന്ന നന്മ കാരിച്ചാറ പുരസ്കാരം മീഡിയവൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് തിരുവനന്തപുരം ബ്യൂറോയിലെ സ്വാന്തനാ സാജുവിനും നൽകും. നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ എം.എസ്. ഫൈസൽ ഖാൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്.
സംസ്ഥാന സർക്കാറിന്‍റേതും ദേശീയ ഏജൻസികളുടേതും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്, മൂന്നര പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്തുള്ള അഷ്റഫ് വട്ടപ്പാറ. പരിസ്ഥിതി-ദലിത്-ആദിവാസി മേഖലയിൽ ഉൾപ്പടെ ശ്രദ്ധേയ മാധ്യമ ഇടപെടലുകളാണ് വട്ടപ്പാറയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 6ന് കണിയാപുരം റാഹാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രണ്ടുപേർക്കും അവാർഡ് നൽകുമെന്ന് നന്മ കരിച്ചാറ പ്രസിഡൻറ് എ.ഫൈസൽ സെക്രട്ടറി എം. റസീഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അയൂബ് ഖാൻ, കൺവീനർ എ.കെ ഷാജി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ഡോ. അംബേദ്ക്കർ അവാർഡ്, സ്റ്റേറ്റ്സ്മാൻ അവാർഡ് (കൊൽക്കത്ത), തിരുവനന്തപുരം പ്രസ്സ് ക്ലബിന്റെ ജി. വേണുഗോപാൽ അവാർഡ്, മുംബൈ പ്രസ്സ് ക്ലബിന്റെ റെഡ് ഇൻക് മീഡിയ അവാർഡ്, ലാഡ്ലി മീഡിയ അവാർഡ്, യൂസഫലി കേച്ചേരി മാധ്യമ പുരസ്കാരം, കേന്ദ്ര ദലിത് സാഹിത്യ അക്കാദമി അവാർഡ്, എസ്.ബി.ടി മാധ്യമ പുരസ്കാരം, തൃശ്ശൂർ പ്രസ് ക്ലബിന്റെ ടി.വി.അച്യുതവാര്യർ അവാർഡ്, കേരള ജൈവ വൈവിധ്യ ബോർഡ് സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവയടക്കം അഷ്റഫ് വട്ടപ്പാറക്ക് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.