'നെപ്പോളിയ'ന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി, കലാപാഹ്വാനത്തിനും കേസ്; യൂട്യൂബ് വീഡിയോകള്‍ മരവിപ്പിക്കാൻ നടപടി
text_fieldsകണ്ണൂർ: ഇ ബുൾജെറ്റ് വ്ളോഗർമാരുടെ 'നെപ്പോളിയൻ' എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടി.
ഇവരുടെ അനുയായികളായ 13 പേർക്കെതിരെ നിയമവിരുദ്ധമായി സംഘടിച്ചതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും കേസെടുത്തു. ഇ ബുൾജെറ്റിന്‍റെ മുഴുവൻ വിഡിയോകളും പരിശോധിക്കാൻ പ്രത്യേക സൈബർ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേർക്കെതിരെ കേസെടുത്തു.
നിയമലംഘനങ്ങൾ കണ്ടെത്തുന്ന വിഡിയോ മരവിപ്പിക്കാൻ യൂട്യൂബിനോട് ആവശ്യപ്പെടും. അപ്‌ലോഡ് ചെയ്ത വിഡിയോകൾ മുഴുവൻ പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ് ചെയ്യാതിരിക്കാൻ യൂട്യൂബിന് ഫ്രീസിങ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മോശം കമന്‍റിടുന്ന കുട്ടികൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
പൊലീസിന്‍റെയോ മോട്ടർ വാഹനവകുപ്പിന്‍റെയോ നടപടികൾക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതു ശരിയല്ല. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും -അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റിലെ ആർ.ടി.ഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ കോടതിയിൽ സമ്മതിച്ചു. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങള്‍ ആർ.ടി.ഒ എൻഫോഴ്സ്മെന്‍റിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ലോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് ഉന്തും തളളിലും കലാശിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.