നാറാത്ത് കേസ്: അഞ്ച് പോപുലർഫ്രണ്ട് പ്രവർത്തകർ ജയിൽമോചിതരായി
text_fieldsകണ്ണൂർ: നാറാത്ത് ആയുധപരിശീലനം നടത്തിയെന്നാരോപിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പോപുലർഫ്രണ്ട് പ്രവർത്തകരായ 21 പേരിൽ അഞ്ചുപേർ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിൽമോചിതരായി. മൂന്നാം പ്രതി കെ.കെ. ജംഷീർ, നാലാംപ്രതി ടി.പി. അബ്്ദുസ്സമദ്, അഞ്ചാംപ്രതി മുഹമ്മദ് സംവ്രീത്, ആറാം പ്രതി സി. നൗഫൽ, ഏഴാം പ്രതി സി. റിക്കാസുദ്ദീൻ എന്നിവരാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്നലെ ഉച്ചയോടെ പുറത്തിറങ്ങിയത്. ഇവരെ പോപുലർഫ്രണ്ട് കണ്ണൂർ ജില്ല സെക്രട്ടറി സി.എം. നസീർ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് കരമന സലീം, ജില്ല സെക്രട്ടറി നവാസ്, അബ്്ദുല്ല നാറാത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി പി.സി. ഫഹദ് പൂജപ്പുര ജയിലിലും മറ്റുള്ളവർ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലുമാണ് കഴിയുന്നത്. 2013 ഏപ്രിൽ 23നാണ് കേസിനാസ്പദമായ സംഭവം. ജനവാസകേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് സമീപത്തെ തണൽ ചാരിറ്റബിൾ ട്രസ്റ്റിെൻറ കെട്ടിടത്തിൽനിന്നാണ് ഇവരെ അറസ്റ്റ്ചെയ്തത്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ഏറ്റെടുത്താണ് കുറ്റപത്രം നൽകിയത്.
ഒന്നാം പ്രതിക്ക് ഏഴുവർഷവും മറ്റുള്ളവർക്ക് അഞ്ചുവർഷവുമാണ് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം (യു.എ.പി.എ) ശിക്ഷ വിധിച്ചത്. ഹൈകോടതി ഡിവിഷൻ ബെഞ്ച് യു.എ.പി.എ, മതസ്പർധ വളർത്തൽ, ദേശവിരുദ്ധപ്രവർത്തനം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ എന്നിവ ഒഴിവാക്കി എല്ലാവരുടെയും ശിക്ഷ ആറുവർഷമാക്കി ക്രമീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.