നാറാത്ത് കേസിൽ തീവ്രവാദക്കുറ്റമില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കണ്ണൂർ നാറാത്ത് ആയുധ പരിശീലന കേസിൽ തീവ്രവാദക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധിച്ചു. നാറാത്ത് കേസിലെ തീവ്രവാദ വകുപ്പും മതവിേദ്വഷ വകുപ്പും റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ എൻ.െഎ.എ സമർപ്പിച്ച ഹരജി തള്ളിയ സുപ്രധാന വിധി മോദി സർക്കാറിനും ദേശീയ അന്വേഷണ ഏജൻസിക്കും (എൻ.െഎ.എ) തിരിച്ചടിയായി.
അബ്ദുൽ അസീസ്, പി.സി. ഫഹദ്, കെ.കെ. ജംഷീര്‍, പി.പി. അബ്ദുൽ സമദ്, പി. മുഹമ്മദ് സരീദ്, പി.എം. അജ്മല്‍, എ.പി. മിസാജ്, സി. നൗഫല്‍, സി. റികാസുദ്ദീൻ, പി. ജംഷീദ്, ഒ.കെ. ആഷിഖ്, എ.ടി. ഫൈസല്‍, കെ.പി. റബാഹ്, വി. ഷിജിന് (സിറാജ്), എ.കെ. സുഹൈര്‍, പി. സഫീഖ്, ഇ.കെ. റഷീദ്, വി.പി. മുഹമ്മദ് അബ്ഷീര്‍, കെ.സി. ഹാഷിം, സി.പി. നൗഷാദ്, സി.എം. അജ്മല്‍, എ.വി. ഖമറുദ്ദീന് എന്നീ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്കുമേൽ ചുമത്തിയ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) വകുപ്പും വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതിനുള്ള ഇന്ത്യൻ ശിക്ഷാനിയമം 153ാം വകുപ്പും നിലനിൽക്കില്ലെന്ന് കണ്ടെത്തിയ ഹൈകോടതി വിധി തെറ്റാണെന്ന് തെളിയിക്കാവുന്ന ഒന്നും കേന്ദ്ര സർക്കാർ മുഖേന എൻ.െഎ.എ സമർപ്പിച്ച ഹരജിയിലില്ലെന്ന് ഉത്തരവിൽ ഇരുവരും വ്യക്തമാക്കി. അതിനാൽ എൻ.െഎ.എയുടെ പ്രത്യേകാനുമതി ഹരജി തള്ളുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ഇനി നിലനിൽക്കില്ലെന്നും എല്ലാം തീർപ്പാക്കിയെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
പ്രതികളിൽ ഖമറുദ്ദീനെ എൻ.ഐ.എ കോടതി നേരേത്ത വിട്ടയച്ചിരുന്നു. 2013 ഏപ്രിൽ 23ന് കണ്ണൂർ നാറാത്ത് തണൽ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ കെട്ടിടത്തിൽനിന്നാണ് പൊലീസ് 22 പേരെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് കേസ് തീവ്രവാദ കേസ് ആക്കി മാറ്റിയതോടെ സംസ്ഥാന സർക്കാർ എൻ.ഐ.എക്ക് കൈമാറി.
തുടർന്ന് എൻ.െഎ.എ സമർപ്പിച്ച കുറ്റപത്രത്തിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയിലെ 18, 18എ വകുപ്പും മതസ്പർധ, ദേശവിരുദ്ധ പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 153 (ബി) വകുപ്പുകളും ചുമത്തി കേസിെൻറ കാഠിന്യമേറ്റി.
അറസ്റ്റിലായവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധപ്രവർത്തനത്തിന് സംഘംചേരൽ, ആയുധനിയമത്തിലെ 25, 27 വകുപ്പുകൾ, സ്ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകൾ എന്നിവക്ക് പുറമെയായിരുന്നു ഇത്. എന്നാൽ, കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി കേരള ഹൈകോടതി ഭീകരക്കേസുകൾക്കുള്ള യു.എ.പി.എ വകുപ്പുകളും മതസ്പർധ, ദേശവിരുദ്ധ പ്രവർത്തനം തുടങ്ങിയവക്കുള്ള െഎ.പി.സി 153 (എ), 153 (ബി) വകുപ്പുകളും റദ്ദാക്കി. ഇതുകൂടാതെ ആയുധനിയമത്തിലെ ആയുധം ഉപയോഗിച്ചത് സംബന്ധിച്ച 27 വകുപ്പും ഒഴിവാക്കി. ഇതിനെതിരെയാണ് എൻ.െഎ.എ കേന്ദ്ര സർക്കാർ മുഖേന സുപ്രീംകോടതിയിലെത്തിയത്. എൻ.െഎ.എക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാർ, മുതിര്‍ന്ന അഭിഭാഷകരായ ബിനു തംത, പി.കെ. ദേ എന്നിവരും അഡ്വ. ബി. കൃഷ്ണപ്രസാദും ഹാജരായിരുന്നു. കേസ് ദുർബലമെന്നു കണ്ടെത്തി പ്രതികളുടെ ഭാഗം പോലും കേൾക്കാതെയാണ് എൻ.െഎ.എയുടെ ഹരജി കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.