നാരായണഗുരുവിന്റേത് മനുഷ്യർ ഒരു കുടുംബമെന്ന സന്ദേശം -മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: ശ്രീനാരായണ ഗുരു ആലുവയിൽ 100 വർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ സ്മരണയിൽ ശിവഗിരി മഠം വത്തിക്കാനിൽ നടത്തുന്ന മൂന്നുദിസത്തെ സർവമത സമ്മേളനത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് ലോക മത പാർലമെന്റും നടക്കുന്നുണ്ട്. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിച്ചു.
വിവിധ വിശ്വാസങ്ങളിലുള്ളവർ വ്യത്യസ്തതയുടെ പേരിൽ വിവേചനം നേരിടുന്ന സാഹചര്യമുണ്ടെന്നും വ്യത്യസ്ത ആശയക്കാർ ആത്മീയ സത്യങ്ങളും മൂല്യങ്ങളും കൈമാറുകയാണ് വേണ്ടതെന്നും മാർപാപ്പ പറഞ്ഞു. ഇന്ന് ലോകം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഒരു കാരണം പവിത്രമായ പാഠങ്ങളോടുള്ള ബഹുമാനക്കുറവാണ്. സാമൂഹികവും മതപരവുമായ ഉന്നതിക്കായി ജീവിതം സമർപ്പിച്ച ആത്മീയ വഴികാട്ടിയും സാമൂഹിക പരിഷ്‍കർത്താവുമായിരുന്നു ശ്രീനാരായണ ഗുരു.
ജാതി സമ്പ്രദായത്തെ എതിർക്കുക വഴി വംശത്തിനും കുലത്തിനും അതീതമായി എല്ലാ മനുഷ്യരും ഒരൊറ്റ കുടുംബമാണെന്ന സന്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ആർക്കും ഒരു തരത്തിലുമുള്ള വിവേചനമുണ്ടാകരുതെന്ന് ഗുരു ഉറപ്പിച്ചുപറഞ്ഞു.
പല വിധ വിവേചനങ്ങൾ നിലനിൽക്കുന്ന കാലമാണിത്. സാമൂഹികമായും വർണത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിൽ വിവേചനവും സംഘർഷങ്ങളുമുണ്ടാകുന്നു. പലർക്കും ഇത് ദൈനംദിന അനുഭവങ്ങളാണ്. പ്രത്യേകിച്ച്, പാവപ്പെട്ടവർക്കും ശാക്തീകരിക്കപ്പെടാത്തവർക്കും. 2019ൽ അൽ അസ്ഹർ ഗ്രാന്റ് ഇമാം അഹ്മദ് അൽ ത്വയ്യിബുമായി ചേർന്ന് ഒപ്പുവെച്ച ‘ലോകസമാധാനത്തിനും പാരസ്പര സഹവർത്തിത്വത്തിനുമായുള്ള മനുഷ്യ സാഹോദര്യ രേഖ’ മാർപാപ്പ സ്മരിച്ചു. എല്ലാ മനുഷ്യരെയും തുല്യരായാണ് ദൈവം സൃഷ്ടിച്ചതെന്നും അവർ സഹോദരങ്ങളെപ്പോലെയാണ് കഴിയേണ്ടതെന്നും രേഖ ഊന്നിപ്പറഞ്ഞ കാര്യം അദ്ദേഹം ശ്രദ്ധയിൽപെടുത്തി.
വിവിധ മതവിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം 15 രാജ്യങ്ങളിൽനിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവരുടെ സംഘമാണ് പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.