നാർകോട്ടിക് ജിഹാദ്: എല്ലാവർക്കും ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: പാലാ ബിഷപ്പിെൻറ വിവാദ പ്രസ്താവനയെ തുടർന്നുള്ള ഇടപെടലുകളിൽ എല്ലാ പാർട്ടികൾക്കും ലക്ഷ്യം അടുത്ത ലോക്സഭ തെരെഞ്ഞടുപ്പ്. തെരഞ്ഞെടുപ്പിനുമുമ്പ് വോട്ടുബാങ്ക് ശക്തിപ്പെടുത്താനാണ് സി.പി.എമ്മും സി.പി.െഎയും കരുതലോടെ നീങ്ങുന്നത്. അകന്നുപോയ വോട്ടുബാങ്കുകളെ തിരിച്ചുപിടിക്കുന്നതിലാണ് പ്രതിപക്ഷ ശ്രദ്ധ.
ഭൂരിപക്ഷ ഹിന്ദു സമുദായ വോട്ട് കൊണ്ടുമാത്രം ജയം സാധ്യമല്ലെന്ന് ഇരുമുന്നണികളും തിരിച്ചറിയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമസഭയിൽ സംപൂജ്യരായെങ്കിലും ബി.ജെ.പിക്ക് ഇൗ വിഭാഗത്തിൽ മുന്നേറാൻ കഴിഞ്ഞു. ഇൗ സാഹചര്യത്തിലാണ് കേരള കോൺഗ്രസിെൻറ വരവും ക്രൈസ്തവ സമുദായത്തിൽനിന്ന് ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടുമുണ്ടായത്. യു.ഡി.എഫിനാകട്ടെ, എക്കാലവും ശക്തികേന്ദ്രങ്ങളായിരുന്ന മധ്യ കേരളത്തിൽ വൻ വോട്ട് ചോർച്ചയുണ്ടായി. ഇത് തിരിച്ചുപിടിക്കാൻ യു.ഡി.എഫും നിലനിർത്തി വർധിപ്പിക്കാൻ എൽ.ഡി.എഫും കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിെൻറ വിവാദ പ്രസ്താവന. ഇതെങ്ങനെ അനുകൂലമാക്കാനാകുമെന്നാണ് ഇരുമുന്നണികളും ആലോചിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിലും ഭൂമി കേസിലും കത്തോലിക്ക സഭാ നേതൃത്വവും പൗരോഹിത്യവും പ്രതിക്കൂട്ടിൽ നിൽക്കുേമ്പാഴാണ് ഒരു തെളിവുമില്ലാത്ത ആരോപണം ഉയർത്തിയതെന്നത് ഇരു മുന്നണികളും ചോദ്യം ചെയ്യുന്നുമില്ല.
മൂന്നുവർഷം കഴിഞ്ഞ് 2024 ലാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷ ഹിന്ദു വോട്ട് നിലനിർത്തുക, പുതുതായി ലഭിച്ച മധ്യവർഗ ക്രൈസ്തവ വോട്ടുകൾ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യമാണ് സി.പി.എമ്മിനുമുന്നിൽ. കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശം ഗുണം ചെയ്തെങ്കിലും അതിനുമുമ്പുതന്നെ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരായ ക്രൈസ്തവ സഭാ പ്രതിഷേധങ്ങൾക്കൊപ്പം നിന്ന് മധ്യകേരളത്തിൽ ന്യൂനപക്ഷ വോട്ടുബാങ്ക് അനുകൂലമാക്കാൻ നടപടി തുടങ്ങിയിരുന്നു.
സി.എ.എ, ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നടപടികൾ എന്നിവക്കെതിരായ പ്രചാരണ നടപടികളിലൂടെ മുസ്ലിം സമുദായത്തിലും നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. തുടർഭരണത്തിൽ വികസന രാഷ്ട്രീയത്തിനെതിരായവരെ ശത്രുപക്ഷത്ത് നിർത്തുന്ന നടപടിയും സി.പി.എം ആരംഭിച്ചു. കുടിയൊഴിപ്പിക്കലിനിടയാക്കിയേക്കാവുന്ന കെ- റെയിൽ ഉൾപ്പെടെ വൻകിട പദ്ധതികൾക്കെതിരായേക്കാവുന്ന വിഭാഗങ്ങളെ മുൻകൂട്ടിക്കണ്ടാണ് ഇൗ നീക്കം.
ആഗോളതലത്തിലുണ്ടായ ഇസ്ലാമോഫോബിയയും ഇസ്ലാമുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ ക്രൈസ്തവ സമുദായത്തിലുണ്ടാക്കിയ അനുരണനവും മുസ്ലിം വിരുദ്ധതയാക്കാനുള്ള സംഘടിത നീക്കവും വിവിധ കോണുകളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.