'നാർക്കോട്ടിക് ജിഹാദ്: വർഗീയ പരാമർശം നടത്തിയവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം'
text_fieldsതിരുവനന്തപുരം: ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള വർഗീയ പരാമർശം നിറഞ്ഞ പ്രയോഗങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്ന പ്രയോഗമാണ് പാലാ ബിഷപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും സംഘ്പരിവാർ അജണ്ടക്ക് സഹായകരവുമായ ആരോപണങ്ങൾ മുസ്‌ലിം സമൂഹത്തിനു നേരെ നടക്കുമ്പോൾ മുഖ്യമന്ത്രി കേവലം ഉപദേശങ്ങൾ കൊണ്ട് അതിനെ മറികടക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.
മുസ്‌ലിം സമൂഹത്തെ സംശയത്തിന്‍റെ നിഴലിൽ നിലനിർത്തുന്നതും കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്നതിനും സംഘ്പരിവാർ നടത്തുന്ന ആസൂത്രിതമായ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം തകർക്കുക എന്നുള്ളത് സംഘ്പരിവാറിന്‍റെ അജണ്ടയിൽ പെട്ടതാണ്. അത്തരം അജണ്ടകൾ ക്രിസ്ത്യൻ സഭകളും സംഘടനകളും മതമേലധ്യക്ഷന്മാരും ഏറ്റെടുത്തു നിർവഹിക്കുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്.
സംഘ്പരിവാർ താൽപ്പര്യം സംരക്ഷിക്കാൻ മാത്രമാണ് ഇത്തരം ആരോപണങ്ങൾ സഹായകരമാകുന്നത്. തികച്ചും അവാസ്തവമായതും തെളിവുകൾ ഇല്ലാത്തതുമായ ഇത്തരം ആരോപണങ്ങളെ തടയുന്ന തരത്തിൽ നടപടി സ്വീകരിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിൽ ഇടതുപക്ഷ നേതാക്കൾ സ്വീകരിച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടർച്ചയാണ് ഇതുപോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ.
സംഘ്പരിവാറിന് ഇനിയും രാഷ്ട്രീയമായി കീഴ്പ്പെട്ടിട്ടില്ലാത്ത സംസ്ഥാനത്ത് ഹിന്ദുത്വ വർഗീയതയിലേക്ക് വഴിമരുന്ന് ഇട്ടുകൊടുക്കുന്ന ഇത്തരം സമീപനത്തിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.