കുറുക്കന്റെയും മുയലിന്റെയും കഥപറഞ്ഞ് സി.പി.എമ്മിനെ 'ട്രോളി' നാസർ ഫൈസി കൂടത്തായി
text_fieldsകോഴിക്കോട്: സമസ്തയിലെ ചില നേതാക്കൾ മുസ്‌ലിം ലീഗിനോടുള്ള അതൃപ്തി തുറന്നു പറയുകയും ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുകയും ചെയ്തതോടെ ഉടലെടുത്ത പ്രശ്നങ്ങൾക്ക് സമസ്ത കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയോടെ വെടി നിർത്തലാവേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് തകരാറുണ്ടാക്കി തെറ്റിധാരണ പരത്തുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ അണികളും നേതാക്കളും പരസ്പരം പോരടിക്കുന്നത് തുടരുകയാണ്.
ബി.ജെ.പിയെ നേരിടാൻ യു.ഡി.എഫിന് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് എസ്.വൈ.എസ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുയലിന്റെ കുറുക്കന്റെയും കഥ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. സിംഹത്തിനെതിരെ പോരാടാൻ കടുവക്കൊപ്പം ചേരണമോ അതോ കുറുക്കനൊപ്പം ചേരണമോ..? ആരിൽ ചേർന്നു നിന്നാലാണ് സിംഹത്തെ നേരിടാൻ കരുത്തുണ്ടാവുക? ഇതിൽ മുയലിൻ്റെ യുക്തമായ തീരുമാനമാണ് കേരളത്തിൽ ന്യൂനപക്ഷ സമൂഹം സ്വീകരിക്കുന്ന രാഷ്ട്രീയ അവബോധമെന്ന് പറയുകയാണ് നാസർ ഫൈസി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന സമസ്തയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടും സമസ്തയുടെ യുവജന സംഘം നേതാവ് പരസ്യമായി നിലപാട് പറയുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സി.പി.എമ്മിനെ നിരന്തരമായി വിമർശിക്കുന്ന നാസർഫൈസി സുപ്രഭാതം പത്രത്തിൽ എൽ.ഡി.എഫ് പരസ്യം നൽകിയ രീതിയെയും വിമർശിച്ചിരുന്നു.
നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഥയിലെ കാര്യം
കാട്ടിൽ സിംഹ രാജാവ് രൗദ്രഭാവം പൂണ്ടു ഭരിക്കുന്നു. സിംഹത്തിനെതിരെ കടുവയും കരടിയും കുറുക്കനും മുയലും.... നിലയുറപ്പിച്ചു. കടുവ മുയലിനെ സമീപിച്ചു പറയുന്നു: നിൻ്റെ "പൗരത്വം" സിംഹം കവർന്നെടുക്കും അതിനെതിരെ നമുക്ക് സംഘടിച്ച് നിൽക്കാം നീ എന്നോടൊപ്പം നിൽക്കണം.
കുറുക്കൻ മുയലിനെ സമീപിച്ചു പറഞ്ഞു: ഞാനുണ്ടെങ്കിലേ നിനക്ക് രക്ഷയുള്ളൂ. ഞാനാണ് സിംഹത്തോട് നേരിടാൻ കരുത്തുള്ളവൻ. കടുവയുടെ കൂടെ നീ ചേരരുത്, എനിക്കൊപ്പം നിൽക്കണം. ഇത് കേട്ട് മുയൽ എന്ത് തീരുമാനമെടുക്കണം?. സിംഹത്തോട് ഏറ്റുമുട്ടാൻ കരുത്ത് കടുവയും കുറുക്കനുമായി ആർക്കാണ്.
ഞാനിവിടെ ചേർന്ന് നിന്ന് ആരെയാണ് ശക്തിപ്പെടുത്തേണ്ടത്, ആരിൽ ചേർന്നു നിന്നാലാണ് സിംഹത്തോട് നേരിടാൻ കരുത്തുണ്ടാവുക?.
മുയലിൻ്റെ യുക്തമായ തീരുമാനമാണ് കേരളത്തിൽ ന്യൂനപക്ഷ സമൂഹം സ്വീകരിക്കുന്ന രാഷ്ട്രീയ അവബോധം.രൗദ്രത പൂണ്ട് വിഷം ചീറ്റുന്ന മോഡി + അമിതി ഷാ ക്കെതിരെ ന്യൂനപക്ഷം ,കേരളം ഉൾപ്പെടെ ഇന്ത്യയിലെവിടെയും കോൺഗ്രസുള്ളിടത്ത് കോൺഗ്രസിനൊപ്പവും കോൺഗ്രസില്ലാത്തിടത്ത് യു ഡി എഫ് മുന്നണിക്കൊപ്പവും കേരളത്തിന് പുറത്ത് യു.ഡി.എഫ് മുന്നണി ഇല്ലാത്തിടത്ത് ഇൻഡ്യാ മുന്നണിയിലെ കക്ഷികൾക്കൊപ്പവും നിൽക്കണമെന്ന തിരിച്ചറിവ്.
നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.