താലിബാൻ ഇസ്ലാമിന്‍റെ മാനവികത തൊട്ട് തീണ്ടിയിട്ടില്ലാത്ത 'മനുഷ്യ'രൂപങ്ങൾ -നാസർ ഫൈസി കൂടത്തായി
text_fieldsകോഴിക്കോട്: താലിബാനെ മനുഷ്യത്വത്തിന്‍റെ നഴ്സറിയിലാണ് പഠിപ്പിക്കേണ്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് നാസർ ഫൈസി കൂടത്തായി. ഖുർആനിന്‍റെയും ഹദീസിന്‍റെയും വിവക്ഷയും വിവരണവും അറിയാതെ ശകലങ്ങൾ അടർത്തിയെടുത്ത് മൃഗീയ വിധികൽപ്പനകളും തീരുമാനങ്ങളും ഉണ്ടാക്കി നിയമം നടത്തുന്ന പൈശാചികത്വമാണ് താലിബാേന്റതെന്നും നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.
നാസർ ഫൈസി കൂടത്തായി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ത്വാലിബാനെ (വിദ്യാർത്ഥികളെ) ഇനിയും ചേർത്ത് പഠിപ്പിക്കേണ്ടത് മനുഷ്യത്വത്തിൻ്റെ നഴ്സറിയിലാണ്. ഇസ്ലാമിന്‍റെ മാനവികത അല്പവും തൊട്ട് തീണ്ടിയിട്ടില്ലാത്ത "മനുഷ്യ'' രൂപങ്ങൾ. ഖുർആനിൻ്റെയും ഹദീസിൻ്റെയും വിവക്ഷയും വിവരണവും അറിയാതെ ശകലങ്ങൾ അടർത്തിയെടുത്ത് മൃഗീയ വിധികൽപ്പനകളും തീരുമാനങ്ങളും ഉണ്ടാക്കി നിയമം നടത്തുന്ന പൈശാചികത്വം.
ഇതിൽ ഇസ്ലാമികം വിദൂര സാധ്യത പോലും കാണരുത് എന്ന് മാത്രമല്ല, ഇസ്ലാം കഠിനമായി വിലക്കിയതുമാണ് ത്വാലിബാൻ ചെയ്ത് കൂട്ടിയത്.നിലപാടുകളിൽ മാറ്റമുണ്ടാക്കുന്നതായി പ്രഖ്യാപനം നടത്തിയാലല്ല പ്രായോഗികമായും ആത്മാർത്ഥമായും പ്രകടിപ്പിച്ചാലാണ് വിലയിരുത്തപ്പെടുക.
കാബൂൾ ഭരണം പിടിച്ച ത്വാലിബാൻ ഭീകരർ പാർലമെൻറിൽ കയറിയപ്പോൾ കാട്ടികൂട്ടിയത് കുരങ്ങിൻ്റെ കൈയിൽ കിട്ടിയ പൂമാല പോലെയാണ്. അധികാര സാമാഗ്രികൾ പോലും എന്തെന്നറിയാത്ത കൂപമണ്ഡൂപ ബുദ്ധികൾ. മനുഷ്യത്വവും ഇസ്ലാമും മണക്കാത്ത ത്വാലിബാൻ ഭീകരരെ പടച്ചുണ്ടാക്കിയത് സോവിയറ്റ് യൂണിയൻ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വൻശക്തികളാണ്. അവരവർക്ക് അതത് കാലത്ത് ചാട് രാമാകുഞ്ചിരാമാ എന്ന മട്ടിൽ ത്വാലിബാൻ കളിപ്പാട്ടങ്ങളെ ഉണ്ടാക്കി, വളർത്തി. എന്നിട്ടിപ്പോൾ കൈകഴുകുന്നു.
പൗരാണികതയുടെ മണ്ണും സംസ്കാരവുമുള്ള ഒരു നാടും ജനതയും ഇത്ര കണ്ട് തകർത്തതിന് ഒന്നാം പ്രതി സാമ്രാജ്യത്വം തന്നെ. അഫ്ഗാൻ ജനതയുടെ കൂട്ട നിലവിളി ആര് കേൾക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.