രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷം സുരക്ഷിതരാകുമ്പോൾ -മന്ത്രി അബ്ദുറഹ്മാൻ
text_fieldsതൃശൂർ: ഒരു രാജ്യം യഥാർഥത്തിൽ സ്വതന്ത്രമാകുന്നത് അവിടത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാകുമ്പോഴാണെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ന്യൂനപക്ഷ കമീഷൻ തൃശൂരിൽ സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതനിരപേക്ഷ ജനാധിപത്യ സമൂഹമായ ഇന്ത്യയിൽ പലയിടത്തും ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കുന്നു. ഇത്തരം ആക്രമണങ്ങൾ ഭരണഘടനയുടെ അടിസ്ഥാന സത്തക്ക് എതിരാണ്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ന്യൂനപക്ഷം കഴിയുന്ന സംസ്ഥാനമാണ് നമ്മുടേതെന്നും ഇത് തുടരണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാൻ ഒന്നാം പിണറായി സർക്കാർ രൂപവത്കരിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഓഗിൻ കുര്യാക്കോസ്, സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയസ്, മേയർ എം.കെ. വർഗീസ്, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ, പി. റോസ, തൃശൂർ കോർപറേഷൻ കൗൺസിലർ റെജി ജോയ് ചാക്കോള, ജൈന സമുദായ പ്രതിനിധി എം.എ. രാജേഷ്, ബുദ്ധമത പ്രതിനിധി ഹരിദാസ് ബോധ്, ഡെപ്യൂട്ടി കലക്ടർ സനീറ കബീർ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമപ്രവർത്തകൻ ടി.എം. ഹർഷൻ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സഫ്ന നാസറുദ്ദീൻ സ്വാഗതവും ന്യൂനപക്ഷ കമീഷൻ മെംബർ സെക്രട്ടറി എച്ച്. നിസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.