ആര്‍.എസ്.എസ് ശ്രമം ദേശീയഗാനത്തെ അപമാനിക്കാന്‍ –എം.എ. ബേബി
text_fieldsതിരുവനന്തപുരം: ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ദേശീയ ചിഹ്നങ്ങളെ കരുവാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവരുടെ നീക്കമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ദേശീയഗാനത്തെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. പക്ഷേ, ദേശീയഗാനം നിര്‍ബന്ധമായി പാടണമെന്ന് നാട്ടില്‍ നിയമമില്ല. അത്തരത്തില്‍ അടിച്ചേല്‍പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ നമ്മുടെ ഭരണഘടനയും പിന്നീടുണ്ടായ നിയമങ്ങളും കണ്ടത്. ദേശീയഗാനം എവിടെയെങ്കിലും നിര്‍ബന്ധമാണെന്നോ അത് പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നോ നമ്മുടെ ഭരണഘടനയിലോ നിയമങ്ങളിലോ ഒരിടത്തും പറയുന്നില്ളെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സിനിമ ഹാളുകളിലെല്ലാം ഓരോ പ്രദര്‍ശനത്തിന് മുമ്പും ദേശീയഗാനം കേള്‍പ്പിക്കണമെന്നും സിനിമ കാണാന്‍ വരുന്ന എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതി ഇടക്കാല ഉത്തരവ് രാജ്യത്തെ നിയമവ്യവസ്ഥയുടെ അന്തസ്സത്തക്ക് എതിരാണ്. ചലച്ചിത്രോത്സവം പോലുള്ള ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനോ ആദ്യപ്രദര്‍ശനത്തിനോ പോരാ, എല്ലാ സിനിമക്കും എല്ലാവരും എഴുന്നേറ്റുനിന്ന് ദേശീയഗാനം ആലപിക്കണം എന്ന മട്ടിലുള്ള ഉത്തരവ് ദേശീയഗാനത്തെ ബാലിശമാക്കുകയല്ളേ എന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. പരമോന്നത കോടതിതന്നെ താമസിയാതെ ഇത് തിരുത്തുമെന്നാണ് വിശ്വാസം. ദേശീയപതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ ദേശീയ മൂല്യങ്ങളോടോ ആര്‍.എസ്.എസ് ഒരിക്കലും ആദരവ് കാണിച്ചിട്ടില്ല. ചലച്ചിത്രമേളയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കമലിനെതിരെ വിഷലിപ്തമായ വര്‍ഗീയ പ്രചാരണം നടത്തുന്ന ആര്‍.എസ്. എസ് അവരുടെ തനിനിറം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.