മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജോസ് ഡി. സുജീവിന്
text_fieldsതിരുവനന്തപുരം: മികച്ച അധ്യാപകനുള്ള ദേശീയ അവാർഡിന് ജോസ് ഡി. സുജീവ് അർഹനായി. തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപകനാണ്. മികവിന്റെ സാക്ഷ്യപത്രം, 50,000 രൂപ, വെള്ളി മെഡൽ എന്നിവയടങ്ങിയ പുരസ്കാരം സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം വട്ടപ്പാറ ജ്യോതിസിലെ ജോസ് ഡി. സുജീവ് 1991 ആഗസ്റ്റിലാണ് സർവിസിൽ പ്രവേശിച്ചത്. 32 വർഷം സർവിസുള്ള അദ്ദേഹം വിവിധ ജില്ലകളിൽ സേവനമനുഷ്ഠിച്ചു. 2019ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടി.
നെടുമങ്ങാട് ബി.ആർ.സിയിൽ എസ്.എസ്.എ ട്രെയിനർ, എസ്.സി.ഇ.ആർ.ടി കേരളയിൽ റിസർച് ഓഫിസർ എന്നിങ്ങനെ പ്രവർത്തിച്ചു. പാഠപുസ്തക വികസന ടീം അംഗമായ അദ്ദേഹം നിരവധി പാഠപുസ്തകങ്ങളും ഹാൻഡ്ബുക്കുകളും റിസോഴ്സ് മെറ്റീരിയലുകളും ഓൺലൈൻ വിഡിയോ ക്ലാസുകളും അന്തർദേശീയ ജേണലുകളിൽ ലേഖനങ്ങളും വിഭവസാമഗ്രികളും തയാറാക്കിയിട്ടുണ്ട്. ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാം, സാക്ഷരത മിഷൻ എന്നിവയിൽ കോഓഡിനേറ്റർ, കോർ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്, ഒ.എസ്.എസ് സ്റ്റേറ്റ് ടീം, ക്യു.ഇ.പി.ആർ സ്റ്റേറ്റ് റിസോഴ്സ് ടീം എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: സുനിത എം.ആർ (ഇ.ഒ.ഡബ്ല്യു ക്രൈംബ്രാഞ്ചിൽ അസി. സബ് ഇൻസ്പെക്ടർ). ആസ്ട്രേലിയ സുസ്ഥിര എൻജിനീയറായ പാർവതി, എൻജിനീയറിങ് വിദ്യാർഥിനിയായ ജ്യോതിക എന്നിവർ മക്കളാണ്. മെൽബൺ എയർപോർട്ടിൽ എൻജിനീയറായ ഫനീന്ദ്ര ഗുണ്ടാല മരുമകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.