സ്പൈനല്‍ മസ്കുലര്‍ അട്രോഫി തളർത്തിയില്ല; സർഗ്ഗാത്മക ലോകത്തെ പടികൾ കയറിയ എം.വി.സതിക്ക് നാഷണൽ അവാർഡ്
text_fieldsചെറുവത്തൂർ: കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി.സതിക്ക് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഭിന്നശേഷിക്കാർക്കുള്ള മികച്ച സർഗ്ഗാത്മക വ്യക്തിത്വ നാഷണൽ അവാർഡ്. കാസര്‍ഗോഡ് ജില്ലയില്‍ കൊടക്കാട് ഗ്രാമത്തില്‍ ആദ്യകാല വിഷചികിത്സകനും നാടന്‍ കലാ ഗവേഷകനുമായ പരേതനായ സിവിക് കൊടക്കാടിന്‍റെയും എം.വി. പാട്ടിയുടെയും നാല് മക്കളില്‍ ഇളയവളായി ജനിച്ച സതി ജന്മനാ 'സ്പൈനല്‍ മസ്കുലര്‍ അട്രോഫി' എന്ന രോഗത്തിനടിമയായിരുന്നു. ശരീരം തളര്‍ന്നുപോയതിനാല്‍ നാലാംക്ലാസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു.
തുടര്‍ന്ന് വായനയിലും എഴുത്തിലുമായി താല്‍പ്പര്യം. 360 ബാല സാഹിത്ത്യങ്ങളടക്കം 2720 ഓളം പുസ്തകങ്ങള്‍ വായിക്കുകയും ഈ പുസ്തകങ്ങളുടെയെല്ലാം കുറിപ്പുകള്‍ എഴുതുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും എഴുതി വരുന്നു. 2011 ൽ 'ഗുളികവരച്ച ചിത്രങ്ങള്‍'എന്ന കഥാസമാഹാരം, 2020 ൽ ''കാൽവരയിലെ മാലാഖ'' എന്ന കവിത സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സതി എഴുതി അഭിനയിച്ച ''കുഞ്ഞോളം''എന്ന വീഡിയോ ആല്‍ബവും, രചന നടത്തിയ ''വയലോരം'' എന്ന വീഡിയോ ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരുമായി തൂലികാ സൗഹൃദമുണ്ട്.
ഇവരുടെ എഴുത്തുകളും ഫോട്ടോകളും ''എന്‍റെ അമൂല്യ നിധികള്‍''എന്ന പേരില്‍ ആല്‍ബമായി സൂക്ഷിക്കുന്നു. 2008 മുതല്‍ 2013 വരെ മൂന്നാം ക്ലാസ്സിലെ മലയാള, കന്നട പാഠാവലിയില്‍ സ്വന്തം അനുഭവത്തെ സാക്ഷ്യപ്പെടുത്തി ''വായിച്ച് വായിച്ച് വേദന മറന്ന് ''എന്ന പാഠം കുട്ടികള്‍ പഠിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഓരോ ജില്ലകളില്‍ നിന്നും പതിനായിരക്കണക്കിന് സ്കൂള്‍ കുട്ടികളുടെ കത്തുകള്‍ വരികയും അതിപ്പോഴും നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഭിന്നശേഷിക്കാരുടെ കാസർകോട് ജില്ല അംബാസിഡറായി തിരഞ്ഞെടുത്തു. 2020ലെ വിരൽ സാഹിത്യവേദി കഥാപുരസ്കാരം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.