ഫാൽക്കൺ ആവേശം, അഭിനിവേശം
text_fieldsകോഴിക്കോട്: ഇത് ഡോ. സുബൈർ. ആകാശത്തിലെ വേഗരാജാവായ ഫാൽക്കൺ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ അഭിനിവേശമായി മാറിയ ആൾ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏക ജീവിയാണ് ഫാൽക്കണുകൾ. ഈ പക്ഷികളെ കുറിച്ചുള്ള നിഗൂഢ വിവരങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുകയാണ് തിരൂർ വാണിയന്നൂർ സ്വദേശിയായ ഡോ. സുബൈർ മേടമ്മിൽ. ഫാൺക്കൺ നിരീക്ഷണത്തിൽ ആദ്യ ഡോക്ടറേറ്റ് നേടുന്ന ഏഷ്യക്കാരനുമാണ് ഇദ്ദേഹം. യു.എസ്, ജർമനി, ലണ്ടൻ തുടങ്ങി ഫാൺക്കണുകൾ സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം ഡോ. സുബൈറും കൂടെ 'പറക്കും'.
മലയാളിക്ക് ഈ പക്ഷി അത്ര സുപരിചിതമല്ലെങ്കിലും ഗൾഫ് നാടുകളിൽ ഇവ പ്രശസ്തമാണ്.ഫാൽക്കണുകളുടെ 15 തരം ശബ്ദം റെക്കോഡ് ചെയ്ത ആദ്യ ശാസ്ത്രജ്ഞനും ഇദ്ദേഹമാണ്.
ജോലി ആവശ്യാർഥം ദുബൈയിലെത്തിയ സുബൈർ അൽഐനിലേക്കുള്ള യാത്രയിലാണ് താൻ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ആശുപത്രി ബോർഡ് കാണുന്നത്. ഫാൽക്കണുകളെ ശുശ്രൂഷിക്കുന്ന ജർമൻ ഡോക്ടറോട് തെൻറ ഇഷ്ടം അറിയിച്ചെങ്കിലും ഉയർന്ന യോഗ്യതയുള്ളയാളെ ജോലിക്ക് വെക്കാനാവില്ലെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പിന്മാറാൻ തയാറാവാതിരുന്ന സുബൈർ പിന്നീട് നേടിയത് ഫാൽക്കണുകളെ കുറിച്ചുള്ള അറ്റമില്ലാത്ത അറിവുകളാണ്.
കാലിക്കറ്റ് സർവകലാശാലയിൽ ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസറായ ഇദ്ദേഹം അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഓഡിനേറ്ററാണ്. ഇൻറർനാഷനൽ ഫാൽക്കണേഴ്സ് ക്ലബ്, യു.എ.ഇ ഫാൽക്കണേഴ്സ് ക്ലബ് തുടങ്ങി ഒട്ടേറെ ദേശീയ അന്തർദേശീയ സംഘടനകളിൽ അംഗവും.
2003ൽ ജർമനിയിലെ സ്റ്റൂട്ട്ഗാർട്ടിൽ പോയ വേളയിൽ സുബൈർ ആ പഴയ ജർമൻ ഡോക്ടറെ വീണ്ടും വിളിച്ചു നന്ദി പറഞ്ഞു. എന്തിനെന്നല്ലേ-അന്ന് തനിക്ക് ആ ആശുപത്രിയിൽ ജോലി തരാത്തതിന്. ഭാര്യ സാജിത വളയന്നൂർ ബി.വൈ.കെ.വൈ.എച്ച്.എസ്.എസിൽ പ്ലസ് ടു അധ്യാപികയാണ്. ആദിൽ സുബൈർ, അമൽ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.