46-ാം വയസ്സിൽ 72 തവണ രക്തദാനം; സെഞ്ച്വറി ലക്ഷ്യവുമായി ഫൈസൽ ചെള്ളത്ത്
text_fieldsവടകര: ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുമ്പോൾ സെഞ്ച്വറി ലക്ഷ്യവുമായി 46ാമത്തെ വയസ്സിൽ 72 തവണ രക്തദാനം നൽകി ഫൈസൽ ചെള്ളത്ത്. മാഹി മഞ്ചക്കൽ സ്വദേശി സി.എച്ച്. ഫൈസൽ റഹ്മാനെന്ന ഫൈസൽ ചെള്ളത്താണ് രക്തദാനത്തിൽ സെഞ്ച്വറിയിലേക്ക് കുതിക്കുന്നത്.
1998 ഏപ്രിലിൽ സഹോദരിയുടെ മകന് രക്തം നൽകിയാണ് രക്തദാനത്തിന് തുടക്കം കുറിച്ചത്. 2000 മുതൽ രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. രക്തം ആവശ്യമുള്ളവർക്ക് വിളിപ്പാടകലെയാണ് ഫൈസൽ.
വടകര എം.ആർ.എയിൽ സൂപ്പർവൈസറായ ഫൈസൽ ബ്ലഡ് ഡോണേഴ്സ് കേരള അംഗമാണ്. ഒ പോസിറ്റിവ് ഗ്രൂപ് രക്തമാണ് ഇദ്ദേഹത്തിന്. മൂന്നു മാസം കൂടുമ്പോഴാണ് രക്തം നൽകുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂനിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്.
അതില്‍ 80 ശതമാനം സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റാന്‍ കഴിയുന്നുണ്ട്. ഇത് 100 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിൽ എളിയ പങ്കുവഹിക്കുകയാണ് ചെയ്യുന്നതെന്ന് ഫൈസൽ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് അംഗവും മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം കൺവീനറുമായ ഇദ്ദേഹം ട്രെയിൻ ടൈം ഗ്രൂപ്പിന്റെ അഡ്മിനുമാണ്. വടകര സ്വദേശി പരേതനായ മാപ്പിളപ്പാട്ട് കലാകാരൻ പി.സി. ലിയാക്കത്തിന്റെയും സുഹറയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. അയാനും ആഹിലുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.