ഹേമ കമീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷൻ; ഇല്ലെങ്കിൽ നടപടിയെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷൻ. റിപ്പോർട്ട് പരസ്യപ്പെടുത്തുകയോ
പരാതിക്കാർക്ക് കൈമാറുകയോ വേണം. 15 ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും ഇല്ലെങ്കിൽ വനിതാ കമീഷൻ ഇടപെടുമെന്നും കാണിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പരാതിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താതെ റിപ്പോർട്ട് പരസ്യമാക്കാൻ മാർച്ച് 22ന് ദേശീയ വനിത കമീഷൻ നിർദേശിച്ചിരുന്നു. എന്നാൽ, ഒരു മാസത്തിലേറെയായിട്ടും നടപടിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യു.സി.സി പറഞ്ഞിട്ടുണ്ടെന്ന മന്ത്രി പി. രാജീവിന്‍റെ വാദം തള്ളുന്ന കത്ത് പുറത്തുവന്നു. കേസ് സ്റ്റഡിയും അതിജീവിതകളുടെ പേരും സൂചനകളും ഒഴിവാക്കിക്കൊണ്ടുള്ള കണ്ടെത്തലുകളും അറിയണമെന്നും സർക്കാർ പുറത്തുവിടുന്ന റിപ്പോർട്ടിന്റെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത്. ജനുവരി 21 നാണ് ഡബ്ല്യു.സി.സി കത്ത് നല്‍കിയത്.
ദ ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്. റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാംസ്കാരിക വകുപ്പിന് കൈമാറുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.