വനിതാ സാമാജികരുടെ ദേശീയ സമ്മേളനം: വേണം അവകാശ സ്വാതന്ത്ര്യ സംരക്ഷണം
text_fieldsതിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം സമാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 120 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
നിയമനിർമാണ സഭകളിൽ 33 ശതമാനം സംവരണം അനുവദിക്കുന്നത് സംബന്ധിച്ച പ്രമേയം ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും വനിതകൾക്കെതിരായ അപകീർത്തി പരാമർശം തടയുന്നതിനുള്ള നിയമ നിർമാണം ആവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്‌നാട്ടിൽ നിന്നുള്ള എം.എൽ.എ എ. തമിഴരശിയുമാണ് അവതരിപ്പിച്ചത്.
വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വീണ ജോർജ്, ഗുജറാത്തിൽനിന്നുള്ള മന്ത്രി നിമിഷ ബെൻ, ഒഡിഷയിൽനിന്നുള്ള മന്ത്രി പത്മിനി ദിയാഗ്, പുതുച്ചേരിയിൽനിന്നുള്ള മന്ത്രി ചന്ദ്ര പ്രിയങ്ക, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമാപന സമ്മേളനശേഷം സാമാജികർ തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്ന് പൊൻമുടി, അഷ്ടമുടിക്കായൽ, കന്യാകുമാരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
വരണം'വനിത സംവരണ ബിൽ'
നിയമസഭയിലും പാർലമെന്‍റിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന 'വനിത സംവരണ ബിൽ' പാസാക്കണമെന്ന് ദേശീയ വനിതാ സാമാജികരുടെ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 26 വർഷമായിട്ടും പാസാക്കാൻ കഴിയാത്ത ബിൽ എത്രയുംവേഗം ലോക്‌സഭയിൽ അവതരിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടു.
ലോക്‌സഭ കടന്നില്ലെങ്കിലും ഒരിക്കൽ രാജ്യസഭ പാസാക്കിയ ബിൽ വീണ്ടും അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ സാധിക്കും. നിയമനിർമാണ സഭകളിലെ സ്ത്രീപ്രാധിനിത്യ റാങ്കിങ് ഇപ്പോൾ എക്കാലത്തെയും കുറഞ്ഞ റാങ്കിങിലാണ്. 78 വനിതാ അംഗങ്ങൾ മാത്രമാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചത്. ബിൽ പാസാക്കാൻ ആവശ്യമായ നടപടികൾ വൈകാതെ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തൽ; നിയമനിർമാണം വേണം
പൊതുസ്ഥലങ്ങളിലും സ്വകാര്യ, വെർച്വൽ ഇടങ്ങളിലും സ്ത്രീ വിരുദ്ധവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമനിർമാണം നടത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും രാഷ്ട്രീയ പാർട്ടികളും പാർലമെന്‍റ്, നിയമസഭാംഗങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളെയും ലക്ഷ്യമിട്ട് നല്ലൊരു വിഭാഗം അസഭ്യ പ്രയോഗങ്ങളും അപകീർത്തികരമായ പരാമർശങ്ങളും ഉപദ്രങ്ങളും നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ എണ്ണം കൂടിയതോടെ അപകീർത്തിപ്പെടുത്തൽ പുതിയതലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. സമീപകാലത്ത് ഇത്തരം സംഭവങ്ങൾ വ്യാപകമാണ്. മുതിർന്ന വനിതാ രാഷ്ട്രീയ നേതാക്കൾപോലും ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നു. ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകണമെന്നും പ്രമേയം ആഹ്വാനം ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.