ദേശീയ വിദ്യാഭ്യാസ നയം: അഫിലിയേറ്റഡ് കോളജ് വേണ്ട
text_fieldsതിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം അവസാനിപ്പിക്കാൻ ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രസർക്കാറിന് സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിെൻറ കരടിൽ നിർദേശം. ഇതുപ്രകാരം നിലവിലുള്ള അഫിലിയേറ്റിങ് സർവകലാശാലകളെ ഇൗ രീതിയിൽനിന്ന് വേർപ്പെടുത്തി പൂർണമായും ഗവേഷണ, അധ്യാപന മേഖലയിലേക്ക് മാറ്റാനും നിർദേശിക്കുന്നു. സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ കോളജുകളെയും 2032നകം സ്വന്തമായി ബിരുദം നൽകാവുന്ന സ്വയംഭരണ കോളജുകളാക്കി പരിവർത്തിപ്പിക്കണം.
ഇങ്ങനെ മാറ്റാൻ വിഭവങ്ങളില്ലാത്ത അഫിലിയേറ്റഡ് കോളജുകളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് പുറംതള്ളുന്ന രീതിയിലാണ് റിപ്പോർട്ട്. ഇത്തരം കോളജുകളെ വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങളോ പൊതുലൈബ്രറികളോ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു.
േകരളത്തിലടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഘടന ഒന്നടങ്കം പൊളിച്ചെഴുതുന്നതാണ് സമിതി റിപ്പോർട്ട്. മാനവ വിഭവശേഷി വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസ നയം 2019 കരട് രേഖയിൽ ഇൗ മാസം 30 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
മന്ത്രിയായി രമേശ് പൊഖ്റിയാൽ വെള്ളിയാഴ്ച ചുമതലേയറ്റതിന് പിന്നാലെയാണ് കസ്തൂരി രംഗൻ അധ്യക്ഷനായ ഒമ്പതംഗ സമിതി റിേപ്പാർട്ടു സമർപ്പിച്ചത്. ഒന്നാം മോദി സർക്കാറിെൻറ കാലത്തായിരുന്നു പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാനായി സമിതിയെ നിയോഗിച്ചത്.
റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ
- മുഴുവൻ അഫിലിയേറ്റിങ് സർവകലാശാലകളും കോളജുകളെ അഫിലിയേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണം. ഇത്തരം സർവകലാശാലകൾ അഫിലിയേറ്റിങ് കോളജുകൾ ഇല്ലാത്ത ഒന്നോ അതിലധികമോ കാമ്പസുകളായി പരിവർത്തിപ്പിക്കണം.
- മുഴുവൻ അഫിലിയേറ്റഡ് കോളജുകളും 2032ഒാടെ ബിരുദം നൽകുന്ന സ്വയംഭരണ കോളജുകളാക്കി മാറ്റണം. അല്ലെങ്കിൽ അവ സർവകലാശാലകളുമായി ലയിപ്പിക്കണം. ഇങ്ങനെ ലയിപ്പിക്കുന്ന അഫിലിയേറ്റിങ് കോളജുകൾ സർവകലാശാലകൾ വികസിപ്പിക്കണം.
- കോളജുകൾക്ക് രൂപമാറ്റം സാധ്യമാക്കുന്നതിന് സർവകലാശാലകൾ സഹായവും മാർഗദർശനവും നൽകണം.
- 12 വർഷംകൊണ്ട് ഇത് പൂർത്തിയാക്കാൻ സാധിക്കണം. 2032ന് ശേഷം അഫിലിയേറ്റിങ് സർവകലാശാലകൾ ഉണ്ടാകാൻ പാടില്ല.
- രൂപാന്തരം വരുത്തി വികസിപ്പിക്കാൻ വിഭവങ്ങളില്ലാത്ത കോളജുകൾ മറ്റ് പൊതുസേവനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. വയോജന വിദ്യാഭ്യാസം, പൊതുലൈബ്രറികൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഉദാഹരണം.
- സർവകലാശാലകൾക്ക് പുറമെ സ്വയംഭരണ കോളജുകൾക്ക് സ്വന്തംനിലക്ക് ബിരുദം നൽകാനുള്ള അധികാരവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. പൊതു, സ്വകാര്യ വ്യത്യാസമില്ലാതെ മുഴുവൻ ഉന്നതവിദ്യാഭ്യാസ, ഗവഷേണ സ്ഥാപനങ്ങൾക്കും അവരുടെ പേരിൽ ‘യൂനിവേഴ്സിറ്റി’ എന്ന പദം ഉണ്ടോ എന്ന് പരിഗണിക്കാതെ ബിരുദം അനുവദിക്കാൻ അധികാരമുണ്ടായിരിക്കണം.
- സർവകലാശാലകൾ ബിരുദം നൽകുന്ന കോളജുകളിൽനിന്ന് വ്യത്യസ്തമായി 2032ഒാടെ വിശാല അടിസ്ഥാനത്തിൽ, പിഎച്ച്.ഡി പോലുള്ള ബിരുദ േപ്രാഗ്രാമുകൾ നൽകുന്ന സ്ഥാപനങ്ങളായി മാറണം. ബിരുദം നൽകുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും അക്രഡിറ്റേഷൻ ഉണ്ടാകണം.
- സർവകലാശാലകളെ നിലവിലുള്ള അഫിലിയേറ്റിങ്, ഡീംഡ് പോലുള്ള സങ്കീർണ ഘടനകളിൽനിന്ന് മാറ്റി ഗവേഷണത്തിനും സമഗ്ര അധ്യാപനത്തിനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റണം. ഇത് പൊതു, സ്വകാര്യമേഖലകളിലും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുമാകാം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനി മൂന്ന് തരം സ്ഥാപനങ്ങൾ മാത്രം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം 2019 കരട് റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനി മൂന്ന് തരം സ്ഥാപനങ്ങൾ മാത്രം. നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2030ഒാടെ മൂന്നിൽ ഒരു ഘടനയിലേക്ക് മാറണം. മൂന്ന് തരം സ്ഥാപനങ്ങളുടെയും ശ്രദ്ധയും ലക്ഷ്യവും വ്യത്യസ്തങ്ങളായിരിക്കും. എന്നാൽ, ഉയർന്ന നിലവാരത്തിൽ മൂന്ന് തരം സ്ഥാപനങ്ങൾക്കും തുല്യപ്രതിബദ്ധതയുണ്ടായിരിക്കണം. മൂന്നു ഘടനകൾ ഇനി പറയുന്നു:
ഗവേഷണ സർവകലാശാലകൾ
ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളോെടയുള്ള ഇത്തരം സർവകലാശാലകൾ പുതിയ അറിവ് ഉൽപാദനത്തിലും ഗവേഷണത്തിലും അധ്യാപനത്തിലും പ്രത്യേക ഉൗന്നൽ നൽകണം. നിലവിൽ ബിരുദ കോഴ്സുകൾ ഇല്ലാത്ത ഗവേഷണ സ്ഥാപനങ്ങൾ അവ തുടങ്ങണം. രണ്ട് പതിറ്റാണ്ടുകൊണ്ട് ഇത്തരം 300ഒാളം സ്ഥാപനങ്ങൾ ടൈപ്പ് ഒന്നിൽ രൂപപ്പെട്ടുവരും. 5000നും 25000നും ഇടയിൽ കുട്ടികൾ ഇത്തരം ഒാരോ കാമ്പസിലും പഠിക്കുന്നവരായി മാറണം. ഇവ ലോകോത്തര നിലവാരമുള്ള ഗവേഷണ സർവകലാശാലകളായി മാറുകയും ആഗോള സ്ഥാപനങ്ങളുമായി മത്സരിക്കാൻ കഴിയുന്നവയുമായിരിക്കണം.
അധ്യാപന സർവകലാശാലകൾ
അധ്യാപനത്തിൽ മുന്തിയ പരിഗണന നൽകി ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളും പ്രഫഷനൽ, വൊക്കേഷനൽ കോഴ്സുകളും ഇവക്ക് കീഴിൽ നടത്താം. 5000നും 25000നും ഇടയിൽ വിദ്യാർഥികൾക്ക് ഇത്തരം സർവകലാശാലകളിൽ പ്രവേശനം നൽകാം. 20 വർഷംകൊണ്ട് ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ ഇത്തരം സ്ഥാപനങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. ഇവയിലെ മികച്ച സ്ഥാപനങ്ങൾക്ക് ടൈപ് ഒന്ന്, ഗവേഷണ സർവകലാശാലകളായി മാറാനും ലക്ഷ്യമിടാം.
േകാളജുകൾ
ബിരുദ, ഡിേപ്ലാമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ഉയർന്ന നിലവാരമുള്ള അധ്യാപനമാണ് കോളജുകൾ ലക്ഷ്യമിടേണ്ടത്. 5000നും പതിനായിരത്തിനുമിടയിൽ ഇത്തരം സ്വയംഭരണ കോളജുകൾ ഗുണനിലവാരമുള്ളതും ഉദാരവുമായ ബിരുദ വിദ്യാഭ്യാസം ഉറപ്പാക്കണം. രണ്ടായിരം മുതൽ അയ്യായിരം വരെ വിദ്യാർഥികൾക്ക് പ്രവേശനം നൽകാം. തെരഞ്ഞെടുത്ത പ്രഫഷനൽ മേഖലയിൽ ഉൾപ്പെടെ ബിരുദം, ഡിേപ്ലാമ, സർട്ടിഫിക്കറ്റുകൾ നേരിട്ട് നൽകാൻ കോളജുകൾക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം കോളജുകൾക്ക് ഫണ്ടുകൾ നേടിയെടുത്ത് ഗവേഷണ പ്രവർത്തനങ്ങളും പ്രോത്സഹാപ്പിക്കാം. ഇതുവഴി ഇവക്ക് ടൈപ് രണ്ട് സ്ഥാപനങ്ങളാകാനും ശ്രമം നടത്താം.
ഉദാരവിദ്യാഭ്യാസ സമീപനം
ഉദാരവിദ്യാഭ്യാസ സമീപനം മുന്നോട്ടുവെക്കുന്ന റിപ്പോർട്ടിൽ, സയൻസ്, ആർട്സ്, വൊക്കേഷനൽ തുടങ്ങിയ വേർതിരിവിൽ നടത്തുന്ന പഠനരീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. എല്ലാ കോഴ്സുകളിലും ഏത് വിഷയവും പഠിക്കാനുള്ള സൗകര്യം ലഭ്യമാക്കും. ഇതിനായി ടൈപ് ഒന്ന്, രണ്ട് ഗണത്തിൽ വരുന്ന സർവകലാശാലകൾ ഉൾപ്പെടെ ബിരുദതലത്തിൽ ഉദാരവിദ്യാഭ്യാസ കോഴ്സുകൾക്ക് രൂപം നൽകണം. നാലുവർഷം ദൈർഘ്യമുള്ള ടീച്ചർ വിദ്യാഭ്യാസ കോഴ്സുകളും തുടങ്ങണം.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ പഠിക്കും
കേരളത്തിെൻറത് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിെൻറ കരട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പഠന വിധേയമാക്കുമെന്ന് മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ പെങ്കടുപ്പിച്ച് പ്രത്യേക ശിൽപശാല സംഘടിപ്പിക്കും. തുടർന്ന്, റിപ്പോർട്ടിൻമേലുള്ള അഭിപ്രായം സംസ്ഥാന സർക്കാറിനും അതുവഴി കേന്ദ്രസർക്കാറിനും കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.