എസ്.ബി.ഐ ബാങ്കിൽ ദേശീയ പതാകയെ അപമാനിച്ചെന്ന്; പ്രതിഷേധം
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ കോട്ടാങ്ങൽ ബ്രാഞ്ചിൽ ദേശീയ പതാക പ്രദർശിപ്പിച്ചത് തെറ്റായ രീതിയിലെന്ന്. വെള്ളിയാഴ്ചയാണ് സംഭവം. ബാങ്കിന്റെ വെളിയിൽ ഷട്ടറിന് പുറത്തെ ഗ്രില്ലിലാണ് ദേശീയ പതാക ചുരുക്കിയ നിലയിൽ കെട്ടിവെച്ചത്. ദേശീയ പതാകയോടുള്ള അനാദരവാണെന്ന് കാട്ടി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു.
തിരുവല്ല ഓഫിസിൽനിന്ന് ലഭിച്ച പതാക യാതൊരുവിധ അപാകതയുമില്ലാതെ വ്യാഴാഴ്ച രാവിലെയാണ് ബാങ്കിൽ പ്രദർശിപ്പിച്ചതെന്നും അന്ന് ബാങ്കിൽ ഇടപാടുകൾ നടത്തുന്നതിനായി എത്തിയവർ മുഴുവൻ കണ്ടിരുന്നതായും ഇതിൽ യാതൊരു അപാകതയും ആരുടെ ശ്രദ്ധയിലും പെട്ടില്ലെന്നും ബാങ്ക് അധികൃതർ പറയുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ബാങ്കിൽ എത്തുമ്പോൾ ദേശീയ പതാക അഴിച്ച് ചുരുട്ടി കൂട്ടിയിട്ടിരുന്നു.
ഉടൻ തന്നെ അഴിച്ചു മാറ്റി. രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധരാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും ബാങ്ക് അധികൃതർ പറയുന്നു.ബാങ്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാമറ പ്രവർത്തിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.