ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ ദേശീയപതാകകള്‍
text_fieldsതൃപ്പൂണിത്തുറ: ഇരുമ്പനം ശ്മശാനത്തിന് സമീപം ഉപേക്ഷിച്ച മാലിന്യ കൂമ്പാരത്തിൽ ദേശീയപതാകകളും കണ്ടെത്തി. ഇരുമ്പനം കടത്തുകടവ് റോഡിലെ പാടശേഖരത്തിന് സമീപമാണ് സംഭവം. ദേശീയ പതാകക്കൊപ്പം കോസ്റ്റ് ഗാര്‍ഡ് പതാകയും മാലിന്യ കൂമ്പാരത്തിനൊപ്പം കൂട്ടിയിട്ട നിലയിലായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് റോഡിനോടു ചേര്‍ന്ന പാടശേഖരത്തില്‍ മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നത് തള്ളിയത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് മാലിന്യ കൂമ്പാരത്തില്‍ കോസ്റ്റുഗാര്‍ഡിന്റെ പതാകയോടൊപ്പം ദേശീയ പതാകകളും കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍നിന്നും എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പത്തോളം ദേശീയപതാകകള്‍ ഉണ്ടായിരുന്നതായും ഇനിയും മാലിന്യത്തിനിടയില്‍ പതാകകള്‍ കാണുമെന്നും നാട്ടുകാര്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് നശിപ്പിക്കാന്‍ ഏല്‍പ്പിച്ച ഉപയോഗശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും ഉണ്ടായിരുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ദേശീയ പതാകയെ അനാദരിച്ചതിലും ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയതിലും കേസെടുത്തു. ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും മാലിന്യക്കൂമ്പാരത്തിലെത്തിയതില്‍ കോസ്റ്റ് ഗാര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.