സോണിയക്കും രാഹുലിനുമെതിരായ ഇ.ഡി സമന്‍സ് പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും തുടര്‍ച്ചയാണിത്. തീവ്ര സംഘ്പരിവാർ പക്ഷക്കാരനായ വ്യക്തി നല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത് ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്‍റെ കണിക പോലും ഇല്ലാത്തതിനാലാണെന്നും സുധാകരൻ വ്യക്തമാക്കി.
ബി.ജെ.പിയുമായി ഒരുവിധത്തിലും സന്ധിച്ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകാത്തതിനാലാണ് ഈ കേസ് കഴിഞ്ഞ എട്ടുവര്‍ഷമായി നീട്ടിക്കൊണ്ടു പോകുന്നത്. അതേസമയം, ബി.ജെ.പിയുമായി രഹസ്യകരാര്‍ ഉണ്ടാക്കിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുയെന്ന് കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ ബോധ്യമാകുമെന്ന് സുധാകരന്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയോ, ഭരണപ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിലെല്ലാം ജനശ്രദ്ധതിരിക്കാനും രാഷ്ട്രീയ നേട്ടത്തിനും ഈ കേസ് പൊടിതട്ടിയെടുക്കുക എന്ന നാടകപരമ്പരയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇ.ഡിയുടെ സമന്‍സ്. ഈ നാടകം ഇതേ അവസ്ഥയില്‍ തുടരുകയും അത് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുമെന്നത് ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.
നരേന്ദ്ര മോദിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും ഫാസിസ്റ്റ് ശൈലിക്കെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ഏജന്‍സികളുടെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്നും നിശബ്ദരാക്കാമെന്നും മോദി കരുതുന്നത് അദ്ദേഹം മൂഢസ്വര്‍ഗത്തില്‍ ആയതുകൊണ്ടാണ്. ബ്രട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നത് ബി.ജെ.പി മറക്കരുത്. മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണപരാജയവും ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകളും പൊതുജനമധ്യത്തില്‍ നിരന്തരം തുറന്ന് കാട്ടുന്ന കോണ്‍ഗ്രസ് നേതാക്കളോടുള്ള അസഹിഷ്ണുത കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നടപടിയിലൂടെ പ്രകടമാണ്. മോദിയുടെ ഭരണവൈകല്യം കാരണം രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. തൊഴിലില്ലായ്മ പെരുകി. നികുതി ഭീകരത കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഏത് നിമിഷവും ജനരോഷം അണപൊട്ടിയൊഴുകുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ തന്‍റേടമില്ലാത്തതിനാലാണ് ഇത്തരം തരംതാണ വേട്ടയാടല്‍ നാടകം മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും സുധാകരൻ ആരോപിച്ചു.
രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്‍റെ കണ്ണികളായ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പാരമ്പര്യവും മഹത്വവും തിരിച്ചറിയാന്‍ മോദിക്ക് കഴിയില്ല. മോദിയേയും കൂട്ടരേയും പോലെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് കൊണ്ടു പോകണ്ട ഗതികേട് നെഹ്‌റു കുടുംബത്തിനില്ല. കേന്ദ്ര ഏജന്‍സികളെ പലപ്പോഴും വൃത്തികെട്ട രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് പുറമെ തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും ഇ.ഡി വേട്ടക്ക് ഇരകളായവരാണ്. സംഘ്പരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ തന്‍റേടത്തോടെ നേരിടുകയും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ പോരാടുകയും ചെയ്യുന്ന നേതാക്കളാണ് രാഹുലും സോണിയയും. അവരെ തേജോവധം ചെയ്യുന്ന മോദിയുടെ നടപടി ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും സഹിക്കാനാവില്ല. രാഷ്ട്രീയ പകയുടെ പേരില്‍ ഇത്തരം നടപടികള്‍ തുടരാനാണ് മോദിയും സംഘ്പരിവാര്‍ ശക്തികളും ശ്രമിക്കുന്നതെങ്കില്‍ കയ്യുംകെട്ടി വെറുതെയിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാവില്ലെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.